/sathyam/media/media_files/2025/09/09/krushi-vakuppu-market-2025-09-09-16-33-13.jpg)
കോട്ടയം: ഈ ഓണക്കാലത്ത് സപ്ലൈകോയെ പോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഒരു കൂട്ടര്‍ കൃഷി വകുപ്പാണ്. പഴം-പച്ചക്കറി വിപണിയില്‍ ഇത്തവണ കൃഷി വകുപ്പിന്റെ കര്‍ഷക ചന്തകള്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്തുടനീളം 2000 വിപണന കേന്ദ്രങ്ങള്‍ വഴി ആകെ 3446 മെട്രിക് ടണ്‍ പച്ചക്കറികള്‍ സംഭരിച്ചു. ഇതില്‍ 2510 മെട്രിക് ടണ്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടാണ് സംഭരിച്ചത്.
വിപണിയില്‍ പച്ചക്കറി വില കാര്യമായി ഉയരാതിരിക്കാനും കര്‍ഷകര്‍ക്കു നേട്ടമുണ്ടാകാനും ഇതിലൂടെ സാധിച്ചിരുന്നു. എന്നാല്‍, ഓണക്കാലം കഴിയുന്നതോടെ കാര്യങ്ങള്‍ പഴയപടിയാകുമെന്നത് കര്‍ഷകരെ സംബന്ധിച്ച് ഏറെ നിരാശ ഉണ്ടാക്കുന്നതാണ്.
പലപ്പോഴും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാത്ത അവസ്ഥയുണ്ട്. മാര്‍ക്കറ്റില്‍ കൊണ്ടുചെന്നാല്‍ അര്‍ഹിക്കുന്ന വിലയും കിട്ടില്ല. നഷ്ടം സഹിക്കേണ്ടി വരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുന്നു.
ഓണക്കാലത്ത് തുറന്ന ഓണച്ചന്തകളില്‍ നല്ലൊരു ശതമാനം നിലനിര്‍ത്തിയാല്‍ അത് കര്‍ഷകര്‍ക്കും നല്ല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്കു അവസരം ലഭിക്കും. ഇത് പച്ചക്കറികള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുന്നതും തടയാന്‍ സാധിക്കും.
പൊതുവിപണിയിലെ വിലയുടെ 10% അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ച പഴം-പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30% വരെ വില കുറച്ചാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. ഇതോടെ കൂടുതല്‍ പേരും ഇത്തരം ഓണച്ചന്തകളില്‍ നിന്നാണ് പച്ചക്കറി വാങ്ങിയയത്.
ഇത്തവണ സംസ്ഥാനത്തെ കര്‍ഷക ചന്തകളിലൂടെ ആകെ സംഭരിച്ചത് 1533.14 ലക്ഷം രൂപ മൂല്യമുള്ള 3446 മെട്രിക് ടണ്‍ പഴം/പച്ചക്കറികള്‍ എന്നിവയാണ്. ഇതില്‍ 1840 മെട്രിക് ടണ്‍ കൃഷിഭവനുകള്‍ സംഘടിപ്പിച്ച കര്‍ഷക ചന്തകള്‍ മുഖേനെയും, 1352 ടണ്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേനെയും 254 മെട്രിക് ടണ്‍ വിഎഫ്പിസികെ മുഖേനയും സംഭരിച്ചിരുന്നു.