/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
കോട്ടയം: വട്ടിപ്പലിശക്കാര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു.
അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓപ്പറേഷന്‍ ഷൈലോക്ക് നടപ്പിലാക്കിയത്.
എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറല്‍ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഗവണ്‍മെന്റ് അംഗീകൃത ലൈസന്‍സോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി.
7 കാറുകള്‍, 13 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ 26 വാഹനങ്ങള്‍, 62 മുദ്രപ്പത്രങ്ങള്‍, 8 പ്രോമിസറിനോട്ടുകള്‍, 86 ആര്‍ സി ബുക്കുകള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോര്‍ട്ടുകള്‍, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളുമുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ. എന്നയാളുടെ വീട്ടില്‍ നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ പൊലീസ് സംഘം കണ്ടെടുത്തു.
ഇതിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പൊലീസ് പിടിച്ചെടുത്തു.
കാഞ്ഞിരപ്പള്ളിയില്‍ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയില്‍ വീട്ടില്‍ സജിമോന്‍ തോമസ് എന്നയാളുടെ വീട്ടില്‍ നിന്നും അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 93500 രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. പരിശോധനയില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.