/sathyam/media/media_files/2025/09/10/1001240687-2025-09-10-09-54-27.jpg)
കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത പ്രതിയെ വിജിലന്‍സ് കസ്റ്റഡിയിൽ വിട്ടു.
വൈക്കം, കോട്ടയം നഗരസഭയില്‍ ക്ലാര്‍ക്കായിരുന്ന അഖില്‍ സി. വര്‍ഗീസിനെയാണ് വിജിലന്‍സ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ തട്ടിപ്പ് നടത്തിയ കോട്ടയം നഗരസഭയിൽ എത്തിച്ചു തെളിവെടുക്കും. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.
പ്രതിയെ കഴിഞ്ഞ ഓഗസ്റ്റ് 27 ന് കൊല്ലത്തെ കൈലാസ് റെസിഡൻ്സ് ലോഡ്ജിൽ നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.
വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അനധികൃതമായി അയച്ചത്. നഗരസഭയില്‍നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ പ്രാഥമികറിപ്പോര്‍ട്ട് വന്നിരുന്നു.
2020 മുതല്‍ അഖില്‍ സി. വര്‍ഗീസ് പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടന്നിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇയാളുടെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള 20114143952, (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയച്ചതായാണ് കണ്ടെത്തിയത്.
സാധാരണ വാര്‍ഷിക സാമ്പത്തിക പരിശോധനയില്‍ ചില അപാകത കണ്ടതിനെ തുടര്‍ന്നാണ് വിശദമായ വിലയിരുത്തലിലേക്ക് കടന്നത്.