/sathyam/media/media_files/2025/09/11/photos268-2025-09-11-11-45-39.jpg)
കോട്ടയം: കർഷകരെ സംരക്ഷിക്കാനായി അവതരിപ്പിച്ച വിള ഇൻഷുറൻസ് പരിരക്ഷ സംസ്ഥാനത്ത് കർഷകരിലേക്ക് എത്തുന്നില്ല.
2023 ഒക്ടോബർ മുതൽ 2024 മാർച്ചുവരെയുള്ള കാലയളിൽ മാത്രം മൊത്തം കൃഷി നാശനഷ്ടം 1200 കോടിയോളം ഉണ്ടാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ, വിള ഇൻഷുറൻസ് പരിരക്ഷയിലൂടെ ലഭിച്ചതാകട്ടേ 83 കോടി രൂപ മാത്രം.
2023- 24 കാലയളവിൽ സംസ്ഥാനത്ത് വായ്പയെടുത്ത് കൃഷിചെയ്യുന്ന 17 ലക്ഷം കർഷകരിൽ 57,521 പേർക്കുമാത്രമാണ് വിള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ബാങ്കുകളുടെ വീഴ്ചകാരണം 16.50 ലക്ഷത്തോളം കർഷകർ ഇൻഷുറൻസിന് പുറത്തായി.
മുൻ വർഷങ്ങിലും സ്ഥിതി വ്യത്യസ്ഥമല്ല. 2016 മുതല്‍ 600കോടിയാണ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇതിന്റെ എത്രയോ ഇരട്ടിയാണ് നാശത്തിന്റെ കണക്ക്. പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ നഷ്ടപരിഹാരം ലഭിച്ചില്ല.
27 വിളകള്‍ക്കാണ് വിള ഇന്‍ഷുറന്‍സിന്റെ സഹായം ലഭിക്കുക. റബ്ബര്‍, തെങ്ങ്, മഞ്ഞള്‍, നെല്ല്, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക്, കവുങ്ങ് ഉള്‍പ്പെടെയുള്ള വിളകള്‍ ഇതിപ്പെടും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള 45 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. എന്നാല്‍, 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 12,000 പേര്‍മാത്രം.
കെ.സി.സി അക്കൗണ്ടുള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ. വായ്പ എടുക്കുന്ന ഘട്ടത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇന്‍ഷുറന്‍സിനുള്ള വിവരംകൂടി നല്‍കണം.
ഇതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തിയപ്പോള്‍, കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സിന് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കി. ഇങ്ങനെ ചെയ്യുന്ന കര്‍ഷകര്‍ വായ്പയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സില്‍ ബാങ്ക് ചേര്‍ക്കേണ്ടതില്ലെന്ന (ഓപ്ഷന്‍ ഔട്ട്) ഫോം നല്‍കിയാല്‍ മതി.
ഇത് മറയാക്കി, കേരളത്തിലെ ബാങ്കുകള്‍ വായ്പ അപേക്ഷയ്‌ക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകനില്‍നിന്ന് ഒപ്പിട്ട് വാങ്ങിക്കുന്നുവെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കര്‍ഷകര്‍ നേരിട്ട് ചെയ്യുന്നില്ല.
പിന്നീട് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് കര്‍ഷകര്‍ ഒഴിവാകുന്നത് തടയാന്‍ കര്‍ശനനടപടിയുമായി കേന്ദ്ര കൃഷിമന്ത്രാലയം രംഗത്തു വന്നു.
കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥ കൊണ്ടുവന്നു.
ജൂലൈയ് 28-ന് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാര്‍ഡിനും കേന്ദ്രകൃഷിമന്ത്രാലയം കത്തയച്ചു. എന്നാൽ, കേരളത്തിലെ കാര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് കർഷകർ പറയുന്നു.