/sathyam/media/media_files/2025/09/11/pulmocon-2025-2025-09-11-14-37-38.jpg)
കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ പി സി സി എം) ഇരുപത്തിയാറാം ദേശീയ സമ്മേളനം ‘പൾമോകോൺ 2025’ സെപ്റ്റംബർ 12, 13, 14 തീയതികളിൽ കുമരകത്തു വെച്ച് നടക്കുന്നു.
കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ വെച്ച് നടക്കുന്ന സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ ഉത്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ യുടെ കേരള ഘടകം പ്രസിഡന്റ് ഡോ .ടി .ആർ .രാധയും സുവനീർ എഡിറ്റർ ഡോ. ജെയ്‌സി തോമസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ഘടകം പ്രസിഡന്റ് ഡോ .കെ.രാജലക്ഷ്മിക്ക് ആദ്യ പ്രതി നൽകി നിർവഹിക്കും.
പുഷ്പഗിരി മെഡിക്കൽ കോളേജിലെ എമിറെറ്റസ് പ്രൊഫസ്സറും രാജ്യാന്തര ശ്വാസകോശ വിദഗ്ധനുമായ ഡോ.പി.സുകുമാരന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പൾമോകോൺ’ രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര സമ്മേളനങ്ങളിലൊന്നാണ്.
ആസ്ത്മ, ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്- സി.ഒ.പി.ഡി) , ശ്വാസകോശ അർബുദം, ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ, ശ്വാസകോശ രോഗ നിർണയത്തിലും ചികിത്സയിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തൽ, ഉയർന്നുവരുന്ന ശ്വാസകോശ അണുബാധകൾ, ലിവിങ് വിൽ തുടങ്ങിയ പുതിയ മേഖലകളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ നടക്കും.
രാജ്യത്തെ പ്രമുഖ ശ്വാസകോശ വിദഗ്ധൻ ഡോ.എസ്.കെ. കട്ടിയാർ (കാൺപൂർ), നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് പ്രതിനിധി ഡോ. നിഖിൽ സാരംഗ്ധർ (മുംബൈ), മുൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും പ്രശസ്ത കാർഡിയോളജിസ്റ്റുമായ ഡോ.എൻ.സുധയകുമാർ (കോട്ടയം), പൊതുജനാരോഗ്യ പ്രവർത്തകനും ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ.ബി.പത്മകുമാർ എന്നിവർക്ക് പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രശ്‍നോത്തരി, വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശന മത്സരം, അപൂർവ കേസ് റിപ്പോർട്ട് അവതരണങ്ങൾ എന്നിവയും സമ്മേളനത്തിൽ നടക്കും.
ജീവിതശൈലിയിലെ മാറ്റങ്ങളും വർദ്ധിച്ചുവരുന്ന വായു മലിനീകരണവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. റബ്ബർ ടാപ്പിംഗ് മേഖലയിൽ ജോലിചെയ്യുന്നവർ, കയർ തൊഴിലാളികൾ, ചെമ്മീൻ പൊളിക്കുന്ന ജോലിക്കാർ, മറ്റ് പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾ എന്നിവരിൽ ശ്വാസകോശ രോഗങ്ങൾ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആസ്ത്മ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു കാരണമായ ഇൻഹേലറുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊതുജനങ്ങൾക്കിടയിൽ കൂടുതലായി കാണപ്പെടുന്നു.
പൊതുജനാരോഗ്യ പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളെല്ലാം ‘പൾമോകോൺ 2025’ വിശദമായി ചർച്ചചെയ്യുകയും വിദഗ്ധർ ശുപാർശ ചെയ്യുന്ന പരിഹാര നടപടികളും സമ്മേളനത്തിലെ ചർച്ചകളുടെ സംഗ്രഹവും ആരോഗ്യ വകുപ്പിനും ഉന്നത ഉദ്യോഗസ്ഥർക്കും സമർപ്പിക്കുകയും ചെയ്യും.
അയൽ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ‘പൾമോകോൺ 2025’ ശ്വാസകോശ ചികിത്സ - ഗവേഷണ മേഖലയിൽ വലിയ സംഭാവന നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. കുര്യൻ ഉമ്മൻ, സെക്രട്ടറി ഡോ .പി.എസ്. ഷാജഹാൻ എന്നിവർ അറിയിച്ചു.