/sathyam/media/media_files/2025/09/11/sreekandan-nair-vinu-v-john-arun-kumar-2025-09-11-20-38-21.jpg)
കോട്ടയം: നൂറ്റാണ്ട് പാരമ്പര്യമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തിയ മികവ് നിലനിർത്താൻ ആകാതെ ന്യൂസ് മലയാളം 24x7 ചാനൽ.
ഇന്ന് ചാനൽ റേറ്റിംഗ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ പുറത്തുവിട്ട റേറ്റിംഗ് കണക്കുകൾ പ്രകാരം ന്യൂസ് മലയാളം ചാനൽ വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ ആഴ്ചയിലെ റേറ്റിംഗിൽ ന്യൂസ് മലയാളത്തിന് പിന്നിൽ പോയ മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് ചാനലുകൾ പഴയ സ്ഥാനം തിരികെ പിടിച്ചു. കേരള യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിംഗിൽ 33 പോയിൻറ് മാത്രം നേടാനേ ന്യൂസ് മലയാളം ചാനലിന് കഴിഞ്ഞുള്ളൂ.
തൊട്ട് മുൻപുള്ള ആഴ്ചയിൽ 39 പോയിൻറ് നേടിയാണ് ന്യൂസ് മലയാളം പത്ര മുത്തശ്ശിമാരുടെ കുടുംബങ്ങളിൽ നിന്നുള്ള ചാനലുകളെ അട്ടിമറിച്ചത്. എന്നാൽ ഈ ആഴ്ച ആറു പോയിന്റ് ഇടിഞ്ഞാണ് ന്യൂസ് മലയാളം പഴയ സ്ഥാനത്തേക്ക് മടങ്ങിപ്പോയത്.
34 പോയിൻറ് വീതം നേടിയ മാതൃഭൂമി ന്യൂസ് മനോരമ ന്യൂസ് ചാനലുകൾ നാലാം സ്ഥാനം പങ്കിട്ടു. ഒരു പോയിൻറ് വ്യത്യാസത്തിലാണ് ന്യൂസ് മലയാളത്തിന് നാലാം സ്ഥാനം നഷ്ടമായത്. എങ്കിലും പാരമ്പര്യമുള്ള ചാനലുകൾക്ക് തൊട്ടടുത്ത് എത്താൻ കഴിഞ്ഞു എന്നത് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാർത്താചാനലായ ന്യൂസ് മലയാളത്തിന് അഭിമാനകരമാണ്.
മുൻ ആഴ്ചകളിലേ പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസാണ് വാർത്താ ചാനലുകളിലെ ഒന്നാമൻ. കേരള യൂണിവേഴ്സ് വിഭാഗത്തിൽ 88 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മുൻ ആഴ്ചയിലെക്കാൾ ഒരു പോയിൻറ് വർദ്ധിപ്പിക്കാനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആളിക്കത്തിച്ച് റേറ്റിംഗിൽ മുന്നിലെത്താം എന്ന റിപ്പോർട്ട് ടിവിയുടെ മോഹം ഈ ആഴ്ചയും പൊലിഞ്ഞു. ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാമത് തന്നെയാണ് റിപ്പോർട്ടർ ടിവിയുടെ സ്ഥാനം.
75 പോയിൻറ് നേടിയാണ് റിപ്പോർട്ടർ ടിവി രണ്ടാം സ്ഥാനം കാത്തത്. തൊട്ട് മുൻപുള്ള ആഴ്ചയിലേക്കാൾ രണ്ട് പോയിൻറ് വർദ്ധിപ്പിക്കാൻ റിപ്പോർട്ടറിന് കഴിഞ്ഞു. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്ത മറികടക്കാൻ റിപ്പോർട്ടർ ടിവി നേരിടുന്ന വിശ്വാസ്യത പ്രതിസന്ധിയുടെ നേർസാക്ഷ്യമാണ്.
വാർത്തയിലും വിശകലനങ്ങളിലും ചർച്ചകളിലും പ്രകടമായ സിപിഎം പക്ഷപാതിത്വം വ്യക്തമാക്കുന്ന റിപ്പോർട്ടർ ടിവി മറ്റൊരു കൈരളി ചാനൽ ആയി മാറുന്നു എന്നാണ് പരക്കെ ഉയരുന്ന വിമർശനം.
ചാനലിന്റെ എഡിറ്റോറിയൽ മേധാവികൾ തന്നെ സർക്കാരിന്റെയും സിപിഎമ്മിന്റെയും വെള്ളപൂശൽ ജോലി ഏറ്റെടുത്തു എന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങളാണ് റിപ്പോർട്ടർ ടിവിയുടെ ചർച്ചകളിലും വാർത്ത ഷോകളിലും ദൃശ്യമാകുന്നത്.
വാർത്തകൾ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന റിപ്പോർട്ടർ ടിവിയുടെ താൽപര്യങ്ങളാണ് പ്രേക്ഷകരിൽ അവരുടെ വിശ്വാസ്യതയും നിഷ്പക്ഷതയെയും സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാതെ ഒന്നാം സ്ഥാനത്തേക്കുള്ള റിപ്പോർട്ടർ ടിവിയുടെ കടന്നിരിക്കൽ എളുപ്പമാകില്ല.
62 പോയിന്റുമായി ട്വൻ്റി ഫോർ ന്യൂസ് ചാനലാണ് റേറ്റിംഗിൽ മൂന്നാം സ്ഥാനത്ത്. തൊട്ട് മുൻപുള്ള ആഴ്ചയിൽ 64 പോയിൻറ് ഉണ്ടായിരുന്ന ട്വൻ്റി ഫോർ ന്യൂസിന് ഈയാഴ്ച രണ്ടു പോയിന്റ് കുറഞ്ഞിട്ടുണ്ട്. ഇതോടെ രണ്ടാം സ്ഥാനക്കാരും ചിരവൈരികളുമായ റിപ്പോർട്ടർ ടിവിയുമായുള്ള പോയിൻറ് വ്യത്യാസം പതിമൂന്നായി ഉയർന്നിട്ടുണ്ട്.
ഇതര ചാനലുകൾ വാർത്തകളെ ഗൗരവമായി സമീപിക്കുമ്പോൾ ഹ്യൂമൻ ഇൻ്ററസ്റ്റ് വാർത്തകൾക്കും ഷോകൾക്കും ക്രൈം വാർത്തകൾക്കും പിന്നാലെയാണ് ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന ട്വൻ്റി ഫോറിൻ്റെ പോക്ക്. ശ്രീകണ്ഠന്‍ നായരുടെ 'വാര്‍ത്തയും തമാശയും ശൈലി' പ്രേഷകര്‍ക്ക് മടുക്കുന്നുവോ ?
ഇതര ചാനലുകളിൽ വന്നാൽ മാത്രം ഗൗരവ സ്വഭാവത്തിലുള്ള വാർത്തകളെ പരിഗണിക്കുന്ന പ്രവണതയും ട്വൻ്റി ഫോറിൽ കാണാം. അവതാരകൻ എന്ന നിലയിൽ മാത്രം പരിചയസമ്പത്തുള്ള ശ്രീകണ്ഠൻ നായരുടെ വാർത്താ കാഴ്ചപ്പാടാണിത്.
ശ്രീകണ്ഠൻ നായരുടെ തമാശ കലർന്ന അവതരണവും മറ്റും ആസ്വദിച്ചിരുന്ന തലമുറയല്ല ഇപ്പോഴത്തെ പ്രേക്ഷകർ. അതുകൊണ്ടുതന്നെ ഈ വാർത്താ ഭാവുകത്വം തുടർന്നാൽ ട്വൻ്റി ഫോറിൻ്റെ ഭാവി പരുങ്ങലിലാകും.
ചാനൽ റേറ്റിംഗിൽ ജനം ടിവിയാണ് ആറാം സ്ഥാനത്ത്. 19 പോയിൻറ് കരസ്ഥമാക്കി കൊണ്ടാണ് ജനം ടിവി ആറാം സ്ഥാനത്തേക്ക് എത്തിയത്. 17 പോയിൻറുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുണ്ട്.
ബിജെപി അനുകൂല ചാനലായ ജനം ടിവിയും സിപിഎം ചാനലായ കൈരളി ന്യൂസും തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ട്. റേറ്റിംഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതാണ് കൈരളി ന്യൂസ് നേരിടുന്ന പ്രതിസന്ധി.
സിപിഎം പ്രേക്ഷകർ കൂട്ടത്തോടെ റിപ്പോർട്ടർ ടിവിക്ക് പിന്നാലെ പോയതും കൈരളിക്ക് വിനയായി. 11 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്. ഏഴ് പോയിന്റുമായി മീഡിയ വൺ ചാനൽ ആണ് റേറ്റിംഗിൽ ഏറ്റവും പിന്നിലുള്ളത്.