/sathyam/media/media_files/2025/09/12/photos285-2025-09-12-10-32-01.jpg)
കോട്ടയം: എന്നു മുതലാണ് കേരളയത്തിന്റെ എയിംസ് സ്വപ്‌നം ആരംഭിച്ചതെന്നു ചോദിച്ചാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സംസ്ഥാനങ്ങിലും എയിംസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തോടെയാണ്.
അന്നു മുതല്‍ ഇന്നു വരെ കേരളം എയിംസിനായുള്ള കാത്തിരിപ്പിലാണ്. പക്ഷേ, എയിംസ് മാത്രം വന്നില്ല. ഇപ്പോള്‍ സ്ഥലം നല്‍കിയാല്‍ എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞത്.
എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്നും അല്ലെങ്കില്‍ തൃശൂരില്‍ ഭൂമി നല്‍കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു.
ഈ രണ്ടിടത്ത് ഭൂമി നല്‍കിയില്ലെങ്കില്‍ തമിഴ്‌നാടിന് എയിംസ് നല്‍കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
എന്നാല്‍, എയിംസിന് അനുകൂലമായ ഭൂമി കോട്ടയത്തുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വരാന്‍ പോകുന്ന ശബരി വിമാനത്താവളത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന കോട്ടയം വെള്ളൂരിലാണ് ഈ ഭൂമിയുള്ളത്.
200 ഏക്കര്‍ സ്ഥലം എയിംസിനായി ആകെ വേണ്ടത്. വെള്ളൂരെ കെപിപിഎല്ലിന്റെ സ്ഥലത്തു നിന്നും ഇത് അനുവദിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു മാത്രം.
വെള്ളൂരില്‍ ഗതാഗത സൗകര്യങ്ങള്‍ ഏറെയാണ്. റെയില്‍ ഗതാഗതത്തിനായി പിറവം റോഡ് റെയില്‍വേ സ്റ്റേഷനുണ്ട്.
റോഡ് മാര്‍ഗം കോട്ടയം എറണാകുളം റൂട്ടില്‍ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളില്‍ നിന്ന് 5 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളൂരില്‍ എത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 56കിലോമീറ്റര്‍ മാത്രമാണ് ദൂരം.
ശുദ്ധജല സ്രോതസായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്. കേരളത്തില്‍ ഏറ്റവുമധികം സാംക്രമിക രോഗികള്‍ ഉള്ളത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ഈ രണ്ടു ജില്ലകളും വൈക്കം താലൂക്കുമായി അതിര്‍ത്തി പങ്കിടുന്നു. എയിംസിലൂടെ ഫലപ്രദമായ രോഗ നിവാരണം, പ്രതിരോധം എന്നിവ സാധ്യമാകും.
അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ശുദ്ധജലം ലഭിക്കുന്ന തുറസ്സായ ഗ്രാമപ്രദേശങ്ങളില്‍ ആയിരിക്കണം എയിംസ് സ്ഥാപിക്കേണ്ടത് എന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് അനുയോജ്യം വെള്ളൂരാണ്.
വെള്ളൂര്‍ പഞ്ചായത്ത് നിവാസികള്‍ 40 വര്‍ഷം മുന്‍പ് വളരെ പ്രതീക്ഷകളോടെ തുച്ഛമായ വിലയ്ക്ക് അഞ്ഞൂറിലധികം ഏക്കര്‍ ഭൂമി പേപ്പര്‍ ഫാക്ടറിക്കു വേണ്ടി വിട്ടുകൊടുത്തതാണ്.
എന്നാല്‍ അതിന്റെ കാര്യമായ പ്രയോജനം ഇവിടെയുള്ള ജനങ്ങള്‍ക്കു കിട്ടിയില്ല. എയിംസ് വെള്ളൂരില്‍ യാഥാര്‍ഥ്യമായാല്‍ അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാകും.
ഗതാഗതം, ജലം, വൈദ്യുതി, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സര്‍ക്കാരിന്റേതായി തന്നെ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ പണച്ചെലവും നിര്‍മാണത്തിലുള്ള കാലതാമസവും കുറയ്ക്കാം. വരാന്‍ പോകുന്ന ശബരി വിമാനത്താവളം കൂടി വെള്ളൂരിന് അനുകൂലമാണ്.
പഴയ എച്ച്എന്‍എല്‍ ആരംഭിക്കുന്നതിനായി 687ഏക്കര്‍ ഭൂമിയാണ് നല്‍കിയിരുന്നത്. കോട്ടയം എറണാകുളം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് വെള്ളൂര്‍, നേരേകടവ് മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലക്കാര്‍ക്കും ഇവിടേക്ക് എത്തിപ്പെടാന്‍ ഏറെ എളുപ്പമാണ്. വെള്ളൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.