/sathyam/media/media_files/2025/09/13/sandal-wood-2025-09-13-16-34-43.jpg)
കോട്ടയം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ചു വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചതോടെ പലരും ചിന്തിക്കുന്നതു വീട്ടില്‍ ചന്ദനം വളര്‍ത്തിയാലോ എന്നാണ്.
ഇത്തരത്തില്‍ ചന്ദനം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണു ട്രീ ബാങ്കിങ് പദ്ധതി. 15 വര്‍ഷം നീളുന്ന പദ്ധതിയുടെ ഭാഗമാകുന്നവര്‍ വനംവകുപ്പുമായി ഉടമ്പടിയില്‍ ഏര്‍പ്പെടണം.
സ്വന്തമായി ഭൂമി ഉള്ളവര്‍ക്കോ 15 വര്‍ഷം പാട്ടത്തിനു ഭൂമി ഉള്ളവര്‍ക്കോ പദ്ധതിയുടെ ഭാഗമാകാം. അതേ സമയം മരം വളര്‍ത്തി വെട്ടികൊടുത്താലും പണം ഉടന്‍ കിട്ടണമെന്നില്ല.
2021 മുതല്‍ സ്വന്തം പുരയിടത്തിലെ ചന്ദനമരം വെട്ടിക്കൊടുത്തവര്‍ക്ക് വനം വകുപ്പ് ഓരോ ന്യായങ്ങള്‍ നിരത്തി പണം നല്‍കാന്‍ തടസം പറയുന്നുണ്ട്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ആളുകള്‍ക്കാണു ചന്ദനം നല്‍കിയതിന്റെ പണം ഇനിയും കിട്ടാനുള്ളത്.
എന്നാല്‍, ഒരു എഫ്.ഡി. അക്കൗണ്ടു പോലെ വളര്‍ത്താവുന്ന ഒന്നാണു ചന്ദന മരം. ചന്ദനം കൃഷി ചെയ്യുന്നത് പട്ടയഭൂമിയില്‍ ആയിരിക്കണം. യാതൊരുവിധത്തിലുള്ള സര്‍ക്കാര്‍ ബാധ്യതയുള്ള ഭൂമിയോ പുറമ്പോക്കു ഭൂമിയോ കയ്യേറ്റ ഭൂമിയോ ആദിവാസി ഭൂമിയോ ആകാന്‍ പാടില്ല.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ പ്രാദേശികപരിധിയിലുള്ള സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
റെയ്ഞ്ച് ഓഫീസര്‍ രേഖകളും ഭൂമിയും പരിശോധിച്ചു നടാന്‍ സാധിക്കുന്ന വൃക്ഷത്തൈകളുടെ എണ്ണം തീരുമാനിക്കും. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം.
തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന സഹായധനം മൂന്നാംവര്‍ഷം മുതലാണ് നല്‍കുക. പരിപാലിക്കുന്നവര്‍ക്ക് 15 വര്‍ഷംവരെ സഹായധനം ലഭിക്കും.
10 മുതല്‍ 100 തൈകള്‍ക്ക് തൈ ഒന്നിന് പ്രതിവര്‍ഷം 30 രൂപയും 101 മുതല്‍ 250 തൈകള്‍ക്ക് തൈ ഒന്നിന് പ്രതിവര്‍ഷം 25 രൂപയും 251 മുതല്‍ 500 വരെ തൈകള്‍ക്ക് തൈ ഒന്നിന് പ്രതിവര്‍ഷം 20 രൂപയും 501 മുതല്‍ 750 വരെ തൈകള്‍ക്ക് തൈ ഒന്നിന് പ്രതിവര്‍ഷം 15 രൂപയും 751 മുതല്‍ 1000 വരെ തൈകള്‍ക്ക് തൈ ഒന്നിന് 10 രൂപയും സഹായധനം നല്‍കും.
സാമൂഹിക വനവത്കരണ വിഭാഗം വിഭാഗത്തിന്റെ നഴ്സറികളില്‍നിന്ന് എല്ലാ വര്‍ഷവും ജൂണ്‍-ജൂലായ് മാസങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും.
15 വര്‍ഷത്തിനുശേഷം ഉടമകള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിനു മുറിച്ച് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാം.
ചന്ദനമരം വച്ചുപിടിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും മോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് ചന്ദനം. കേരളത്തില്‍ ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂര്‍ണ അവകാശം സര്‍ക്കാരിനാണ്.
അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതും വില്‍ക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്നു മാത്രം.
സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വനം വകുപ്പ് പ്രോത്സാഹനം നല്‍കാന്‍ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍, ചന്ദനം നട്ടുവളര്‍ത്തുന്നവരെ വട്ടം ചുറ്റിക്കുന്ന നിലപാടാണു വനം വകുപ്പു സ്വീകരിച്ചിരുന്നത്.
വസ്തു ഉടമകള്‍ വില്ലേജ് ഓഫീസറെ വസ്തു കാണിച്ചു ചന്ദന മരം ഉണ്ടായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ഇതിനു പുറമേ ചന്ദനമരം കണ്ടതിനു നാട്ടുകരായ രണ്ടു പേരുടെ സാക്ഷ്യപത്രവും നല്‍കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
മരം വെട്ടുന്നതിനു മുമ്പു തന്നെ വില്ലേജ് ഓഫീസില്‍ നിന്നും ചന്ദന മരമാണെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷം മാത്രമാണു വനംവകുപ്പ് മരം മുറിയ്ക്കുന്നത്.
ഈ കടമ്പ പൂര്‍ത്തീകരിച്ചശേഷം വീണ്ടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്തിനാണെന്നാണു വസ്തു ഉടമകളുടെ ചോദ്യം. മൂന്നു വര്‍ഷം മുന്‍പു വെട്ടി നല്‍കിയ മരത്തിനുള്ള സര്‍ട്ടിഫിക്കേറ്റ് പോലും വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.