/sathyam/media/media_files/2025/09/15/gunda-attack-at-mammood-pump-2025-09-15-15-48-25.jpg)
കോട്ടയം: ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒന്നു മുതൽ രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം.
ജില്ലയിൽ 24 മണിക്കൂറും പെട്രോൾ പമ്പുകൾ ഇനി പ്രവർത്തിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. പമ്പുകൾക്ക് നേരെ ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് അസോസിയേഷന്റെ തീരുമാനം.
രാത്രികാലങ്ങളിൽ പമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ലാ പ്രസിഡൻ്റ് എം സി മാത്യു, സെക്രട്ടറി സി.ടി ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് എന്നിവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി മമ്മൂട്ടിൽ പെട്രോൾ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പെട്രോൾ പമ്പ് ഉടമ ദിലീപ്, ജീവനക്കാരൻ ഉദയഭാനു എന്നിവർക്ക് പരുക്കേറ്റിരുന്നു.