വരുമാന നേട്ടത്തിനിടെയും കെ.എസ്.ആർ.ടി.സിയിൽ അപകടങ്ങൾ വർധിക്കുന്നു. സെപ്റ്റംബറിൽ മാത്രം നിരവധി അപകടങ്ങൾ. അപകടം കുറയ്ക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കങ്ങൾ ഫലം കാണുന്നില്ല. ബസിൻ്റെയും റോഡിൻ്റെയും കുഴപ്പമെന്നു ഡ്രൈവർമാർ

തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയത്.  

New Update
photos(303)

കോട്ടയം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു മുന്നേറുന്നിതിനിടെ അപകടങ്ങളും വർധിക്കുന്നു. ആശങ്ക ഉണ്ടാക്കും വിധമാണ് അപകടങ്ങൾ ഈ മാസം മാത്രം നടന്നത്.

Advertisment

ഗതാഗത മന്ത്രിയായി കെ.ബി ഗണേഷ് കുമാർ എത്തിയ ശേഷം അപകടങ്ങൾ കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവും നടക്കുന്നുണ്ട്. 


നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാൻ കെ.എസ്.ആർ.ടി.സി. നടപടി തുടങ്ങിയിരുന്നു. 


തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയത്.  

പിന്നീട് ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർപരിശീലനം നൽകിയിരുന്നു. വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനവുമുണ്ട്.


സ്ഥിരമായി അപകടമുണ്ടാക്കുന്നവർ, കൂടുതൽ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി പരിശീലനത്തിന് അയയ്ക്കുന്നുണ്ട്.  എന്നിട്ടും ഒട്ടേറെ ബസുകൾ  അപകടത്തിൽപ്പെട്ടു.


ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചു കയറി.

ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

പോലീസ് സ്റ്റേഷനു സമീപം ദേശീയ പാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേക്കാണ് ഇടിച്ചു കയറിയത്. പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ 9 പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ഈ മാസം ആദ്യമാണ് കേരള  തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.


കൊളഗപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മുരളി (45) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 7 മണിയോടെ കൊളഗപ്പാറ കവലയിൽ വെച്ചായിരുന്നു അപകടം.  അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.


ഇടുക്കി അടിമാലിയിൽ കെ.എസ്.ആർ.ടി.സി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരുക്കേറ്റു. നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ചു നിൽക്കുകയായിരുന്നു.


സമാനമായി കഴിഞ്ഞ ജനുവരിയിൽ വിനോദയാത്ര പോയ ബസ്  ദേശീയപാത-183ൽ പുല്ലുപാറയിൽ  വെച്ചു കൊക്കയിലേക്ക് മറിഞ്ഞ്​ നാലുമരണം സംഭവിക്കുകയും  33 പേർക്ക്​ പരുക്കേൽക്കുയും ചെയ്തിരുന്നു.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജിന്‍റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയ സൂപ്പർ ഡീലക്സ് ബസാണ്​ അന്നു കൊക്കയിലേക്ക്​ മറിഞ്ഞത്​.

ദിവസങ്ങൾക്കു മുൻപാണ് മൂന്നാറിൽ ദേവികുളത്ത് മറ്റൊരു വിനോദ സഞ്ചാര ബസായ ഡബിൾ ഡെക്കർ ബസ് നിയന്ത്രണം വിട്ട് അപകടം ഉണ്ടായിരുന്നു.


മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്.


ദേവികുളത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒരു വെയിറ്റിങ് ഷെഡ് ഇടിച്ചുതകർത്ത ശേഷം കലുങ്കിലിടിച്ച് നിൽക്കുകയായിരുന്നു. ബസ്സിൽ 48 വിനോദ സഞ്ചാരികളുണ്ടായിരുന്നു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

ഇടുക്കിയിൽ തന്ന റോഡിലെ കുഴി മറികടക്കാൻ സ്ലോ ചെയ്ത കാറിൻ്റെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചിരുന്നു. ദിവസേനയെന്നോണമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ അപകടം ഉണ്ടാകുന്നത്.

ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നു. പല അപകടങ്ങളും ഡ്രൈവറുടെ അശ്രദ്ധ കാരണമെന്നാണു വിദഗ്ധ സമിതി കണ്ടെത്തൽ.


എന്നാൽ, ബസുകളുടെ കാലപ്പഴക്കവും റോഡുകളുടെ മോശം അവസ്ഥയും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയില്ലാത്ത സഞ്ചാരവും അപകടങ്ങൾക്കിടയാക്കുന്നതായി ഡ്രൈവർമാർ പറയുന്നു. 


ദേശീയപാത നിർമാണജോലി കാരണമുണ്ടാകുന്ന ഗതാഗത തടസങ്ങൾ മറികടന്ന് കൃത്യസമയത്ത് എത്താനുള്ള ശ്രമവും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ വിശദീകരിക്കുന്നു.

Advertisment