ആഗോള അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാന്‍ സ്‌ക്രീനിങ്ങ് എങ്ങനെ നടത്തണമെന്നതിൽ അന്തിമ തീരുമാനം ഇന്ന്. പങ്കെടുപ്പിക്കുക 3000 ഡെലിഗേറ്റുകളെ മാത്രം. 500 പേർ പ്രത്യേക ക്ഷണിതാക്കൾ

ആഗോള അയ്യപ്പസംഗമത്തിലെ ചർച്ച 3 പ്രധാന വിഷയങ്ങളിലായാണ് നടക്കുക

New Update
photos(305)

കോട്ടയം:  ആഗോള അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാന്‍ സ്‌ക്രീനിംഗ് എങ്ങനെ നടത്തണമെന്നതിൽ അന്തിമ തീരുമാനം ഇന്ന്.

Advertisment

രജിസ്‌ട്രേഷന്‍ 5000 പിന്നിട്ടതോടെയാണ് സ്‌ക്രീനിങ് നടത്തി ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാന്‍ നീക്കം തുടങ്ങിയത്.


3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക. ഇതിൽ 500 പേർ പ്രത്യേക ക്ഷണിതാക്കളാണ്. മുൻഗണനാ ക്രമത്തിൽ സ്ക്രീനിംഗ് നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 


ഇതോടൊപ്പം  പ്രതിനിധിയായി ബുക്ക് ചെയ്തവരെ ഫോൺ വിളിച്ചും അന്വേഷണം നടത്തും. മൂന്നു പ്രാവശ്യത്തിൽ കൂടുതൽ ദർശനം നടത്തിയവർക്ക് മുൻഗണന ഉണ്ടാകും. 

ആഗോള അയ്യപ്പസംഗമത്തിലെ ചർച്ച 3 പ്രധാന വിഷയങ്ങളിലായാണ് നടക്കുക. ശബരിമല മാസ്റ്റർപ്ലാൻ, സ്പിരിച്വൽ ടൂറിസം സർക്കീറ്റ്, തീർഥാടനകാലത്തെ തിരക്കു ക്രമീകരണം എന്നിവയാണു വിഷയങ്ങൾ. 3 വേദികളിലായി പ്രമുഖ വ്യക്തികളാകും പാനൽ ചർച്ചകൾ നയിക്കുക.

പമ്പാതീരത്തെ പ്രധാന വേദിയിലാണു മാസ്റ്റർപ്ലാൻ സംബന്ധിച്ചുള്ള ചർച്ചകൾ. സമീപനരേഖയുടെ അവതരണവും ചർച്ചകളുമുണ്ടാകും. ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചർച്ച ചെയ്യില്ല.


ശനിയാഴ്ച നടക്കുന്ന അയ്യപ്പസംഗമത്തിനായി 3000 പേര്‍ക്കിരിക്കാവുന്ന ജര്‍മന്‍പന്തലിന്റെ പണി അവസാനഘട്ടത്തിലാണ്. ശീതീകരിച്ച പന്തലാണിത്.


38,500 ചതുരശ്ര അടിയിലുള്ളതാണിത്. അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഇവിടെയായിരിക്കും. ഗ്രീന്‍ റൂം, മീഡിയ റൂം വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പിലാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. ഇവിടെ 500 പേര്‍ക്ക് ഇരിക്കാം.

പമ്പാ മണപ്പുറവും നദിയും പൂര്‍ണമായും വൃത്തിയാക്കിയിട്ടുണ്ട്. പമ്പയില്‍ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം നീക്കി. പമ്പയിലെ ശൗചാലയങ്ങള്‍ക്ക് പിന്നിലൂടെയുള്ള സര്‍വീസ് റോഡും പുതുക്കി. ചാലക്കയം-പമ്പ റോഡിലെ കുഴികള്‍ അടയ്ക്കുന്ന ജോലികളും പൂര്‍ത്തിയായി.

Advertisment