നിരത്തില്‍ തമ്മില്‍ തല്ലി സ്വകാര്യ ബസ് ജീവനക്കാര്‍.സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടില്ല. ഉത്തരവിനോട് മുഖം തിരിച്ചു ചില ബസുടമകള്‍

ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കി തുടങ്ങിയിട്ടില്ല.

New Update
1001256643

കോട്ടയം: സംസ്ഥാനത്ത് ദിവസേനയെന്നോണമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നിരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്.

Advertisment

കുറുപ്പന്തറ ആറാം മൈലില്‍ ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടുറോഡില്‍ സ്വകാര്യബസ് ജീവനക്കാരനും ലോറി ഡ്രൈവറുമായി കയ്യാങ്കളി നടന്നെങ്കിൽ പാലക്കാട് സമയത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

 പലപ്പോഴും വാഹനം വഴില്‍ വട്ടംവെച്ചു നിര്‍ത്തിയാണ് ഇക്കൂട്ടര്‍ പ്രശ്‌നമുണ്ടാക്കുക. കൂട്ടത്തില്‍ അസഭ്യവര്‍ഷവും.

എന്നാല്‍, ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കി തുടങ്ങിയിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് വേണമെന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നിര്‍ണായക വിധി.

2023 - 25 കാലഘട്ടത്തില്‍ മാത്രം സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.

കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാതിരിക്കാനാവില്ല. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി.  

ഇക്കഴിഞ്ഞ ജനുവരിയിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വന്നതെന്നനും അവ നടപ്പാക്കാന്‍ ആവശ്യമായ സമയവും അനുവദിച്ചിരുന്നു എന്നും കോടതി പറഞ്ഞു.

സംസ്ഥാന ഗതാഗത വകുപ്പിന് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന വാദവും കോടതി തള്ളുക ഉണ്ടായി.

തങ്ങളുടെ ജീവനക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമകള്‍ക്കുണ്ട്.

ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതും പ്രധാനമാണെന്നും  കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, പോലീസ് ക്ലിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടോയെന്നുള്ള പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കിലും ഇത്തരം ജീവനക്കാരെ നീക്കാന്‍ ചില ബസുടമകള്‍ക്കും താല്‍പര്യമില്ല.

Advertisment