/sathyam/media/media_files/2025/09/17/gr-anil-2025-09-17-16-27-20.jpg)
കോട്ടയം: നെല്ലു സംഭരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. ഇക്കുറിയും നെല്ലിന്റെ വില കൂടുമെന്നു കര്‍ഷകര്‍ പ്രതീക്ഷിക്കേണ്ട. നിലവില്‍ അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചെങ്കിലും നെല്ലിന്റെ വില സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
നെല്‍വില കൂട്ടി നല്‍കണമെന്നു കര്‍ഷകര്‍ വാദിക്കുന്നതിനിടെയാണ് സഭയില്‍ നെല്ലു സംഭരണത്തിന്റെ പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വവും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കുടിശികയെല്ലാം ചേര്‍ത്ത് ഏകദേശം 2851 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് നെല്ല് സംഭരണ ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്നാണു മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.
നെല്ല് സംഭരണത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ നെല്ല് സംഭരണത്തിന് ആവശ്യമായ 1645 കോടി രൂപയില്‍ ഒരു പൈസ പോലും കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടില്ല.
ഇതിനു പുറമെ, 2017-18 കാലഘട്ടം മുതലുള്ള കുടിശികയായി 126 കോടി രൂപയും കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഏകദേശം 2851 കോടി രൂപയാണു കേന്ദ്രത്തില്‍ നിന്ന് നെല്ല് സംഭരണ ഇനത്തില്‍ സംസ്ഥാനത്തിനു ലഭിക്കാനുള്ളതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് 2024-25 സംഭരണ വര്‍ഷത്തില്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി 1645 കോടി രൂപയില്‍ 1403 കോടി രൂപയും വിതരണം ചെയ്തതായി മന്ത്രി ജി.ആര്‍. അനില്‍.
ബാക്കി തുകയായ 242 കോടി രൂപ ഈ ആഴ്ച തന്നെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നും, എന്നാല്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ നിലപാട് ബി.ജെ.പി നേതൃത്വം കര്‍ഷകരോട് മറുപടി പറയേണ്ട വിഷയമാക്കുകയാണു സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ സീണിലെ സംഭരിച്ച നെല്ലിന്റെ പണം അടുത്ത സീസണിലേക്ക് നിലമൊരുക്കല്‍ പൂര്‍ത്തിയാകാറായിട്ടും വിതരണം ചെയ്യാത്തത് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിരവധി കര്‍ഷക സമരങ്ങളും ഇതിന്റെ പേരില്‍ സംസ്ഥാനമാകെ നടന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ എല്‍.ഡി.എഫിന് ക്ഷീണം ചെയ്യും. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളുടെ മുന കേന്ദ്ര സര്‍ക്കാരിനുമേല്‍ തിരിക്കുകയാണു സര്‍ക്കാര്‍.
ഇതോടൊപ്പം ഈ വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള സപ്ലൈക്കോ ഓണ്‍ലൈന്‍ അപേക്ഷയില്‍ നെല്ല് സംഭരണം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുമ്പോള്‍ മാത്രമേ കൃഷിക്കാര്‍ക്ക് നല്‍കാനാവൂ എന്നുമാണ് പ്രത്യേക നിബന്ധനയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കിലോക്ക് 23 രൂപയാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന താങ്ങുവില. പ്രോത്സാഹന ബോണസായി (എസ്.ഐ.ബി) 5.20 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. രണ്ടും കൂടി ചേര്‍ത്താണു കിലോയ്ക്ക് 28.20 രൂപ നെല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്.
മൂന്നുമാസം കൂടുമ്പോള്‍ ക്ലെയിമുകള്‍ കേന്ദ്രത്തിന് നല്‍കി മൂന്‍കൂര്‍ തുക അനുവദിക്കുന്ന വ്യവസ്ഥ മാറ്റി മാസം തോറം ക്ലെയിം നല്‍കുന്ന പുതിയ വ്യവസ്ഥ കൊണ്ടു വന്ന ശേഷമാണു കേന്ദ്ര ഫണ്ടില്‍ കുടിശിഖ വന്നത്.