ഓപ്പറേഷന്‍ ഷൈലോക്കില്‍പ്പെട്ടു. സിഐടിയു നേതാവിനെ സിപിഎമ്മില്‍ നിന്നു പുറത്താക്കി. നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇന്നോവ കാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന ഒട്ടേറെ ആധാരങ്ങളും ചെക്കുകളും ആര്‍സി ബുക്കുകളും കണ്ടെത്തിരുന്നു

2018-ല്‍ ബി.ജെ.പി.പ്രവര്‍ത്തകനായ ചിറക്കടവ് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ കാലുവെട്ടിയതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ മുകേഷ് മുരളി വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും, സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗവും ആയിരുന്നു.

New Update
citu
Listen to this article
0.75x1x1.5x
00:00/ 00:00

പൊന്‍കുന്നം: സി.പി.എം തെക്കേത്തുകവല പൗവ്വത്ത്കവല ബ്രാഞ്ച് അംഗമായ മുകേഷ് മുരളി (കണ്ണന്‍)യെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും പുറത്താക്കിയതായി സി.പി.എം വാഴൂര്‍ ഏരിയ സെക്രട്ടറി വി.ജി.ലാല്‍ അറിയിച്ചു.

Advertisment

ഇയാള്‍ പൊന്‍കുന്നം കെ.വി.എം.എസ് കവലയില്‍ തൊഴില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനം നടത്തുന്നതായിട്ടാണ് പാര്‍ട്ടിക്കുകിട്ടിയ വിവരം.


എന്നാല്‍ ഈ സ്ഥാപനത്തിന്റെ മറവില്‍ അനധികൃത പണമിടപാടുകളും മറ്റും നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചതെന്നും വി.ജി.ലാല്‍ പറഞ്ഞു. 


ഇയാളുടെ  സ്ഥാപനവുമായോ പണമിടപാടുകളുമായോ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്നും വി.ജി.ലാല്‍ അറിയിച്ചു.

2018-ല്‍ ബി.ജെ.പി.പ്രവര്‍ത്തകനായ ചിറക്കടവ് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ കാലുവെട്ടിയതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ മുകേഷ് മുരളി വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും, സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗവും ആയിരുന്നു.

കഴിഞ്ഞ ദിവസത്തെ ഓപ്പറേഷന്‍ ഷൈലോക്കില്‍പ്പെടുത്തി ഇയാളുടെ വീട്ടിലും സ്ഥാപാനത്തിലും വാഹനത്തിലുമെല്ലാം പൊന്‍കുന്നം പോലീസ് റെയ്ഡ് നടത്തി.


ഇന്നോവ കാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന ഒട്ടേറെ ആധാരങ്ങളും ചെക്കുകളും ആര്‍.സി ബുക്കുകളും മറ്റു രേഖകളും കണ്ടെത്തുകയും അവയെല്ലാം പിടിച്ചെടുത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 


അടുത്തിടെ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു കഴിഞ്ഞിരുന്ന മുകേഷ് മുരളിയ്ക്ക് എതിരെ വഞ്ചനാകുറ്റത്തിനും കേരള മണിലെന്റേഴ്സ്, ചിറ്റ്സ് ഫണ്ട് ആക്റ്റ് പ്രകാരവും പോലീസ് കേസെടുത്തതായാണ് പുറത്തു വരുന്ന വിവരം.

Advertisment