/sathyam/media/media_files/2025/09/10/akhil-varghese-2-2025-09-10-16-39-15.jpg)
കോട്ടയം: കോട്ടയം നഗരസഭയില്‍ മുന്‍ ക്ലര്‍ക്ക് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നു ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്.
നഗരസഭയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മുന്‍ ക്ലാര്‍ക്ക് അഖില്‍ വര്‍ഗീസിന്റെ നീക്കങ്ങളെല്ലാം ഒറ്റയ്ക്കായിരുന്നുവെന്നാണ് വിജിലന്‍സ് പറയുന്നത്.
നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖില്‍ കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ മേലുദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷവും അതില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
തട്ടിയെടുത്ത പണം കൊണ്ട് അഖില്‍ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓണ്‍ലൈന്‍ വഴിയാണ് അഖില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും വിജിലന്‍സ് പറഞ്ഞു.
അഖിലിന്റെ വാഹനങ്ങള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ എടുക്കും. ഓണ്‍ലൈന്‍ വഴി അഖില്‍ വാങ്ങിയ സാധനങ്ങളുടെ പര്‍ച്ചേസ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതില്‍ അഖിലിന്റെ മൊഴിയില്‍ വ്യക്തത ഇല്ല.
ഒളിവില്‍ കഴിയുമ്പോള്‍ അഖില്‍ യു.പി.ഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഒരു വര്‍ഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താന്‍ തന്നെ പോലീസിന് കഴിഞ്ഞത്.