/sathyam/media/media_files/2025/09/11/sreekandan-nair-vinu-v-john-arun-kumar-2025-09-11-20-38-21.jpg)
കോട്ടയം: ഓണം കഴിഞ്ഞുളള ആഴ്ചയിലെ റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ആർ.ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ ന്യൂസ് ചാനൽ. പതിവ് സ്ഥാനമായ മൂന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെങ്കിലും പോയിൻറ് നിലിയിൽ വൻഇടിവാണ് പോയവാരം ട്വൻറി ഫോറിന് നേരിട്ടത്.
ചാനലുകളുടെ റേറ്റിങ്ങ് നടത്തുന്ന ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കിലാണ് ട്വൻറിഫോറിൻെറ തകർച്ച വെളിപ്പെട്ടത്.
റേറ്റിങ്ങിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 48 പോയിൻറ് മാത്രമാണ് ട്വൻറി ഫോറിന് നേടാനായത്. തൊട്ടുമുൻപുളള ആഴ്ചയിൽ നേടിയ 62 പോയിൻറിൽ നിന്നാണ് ഒറ്റയാഴ്ച കൊണ്ട് 48 പോയിൻറിലേക്ക് കൂപ്പുകുത്തിയത്. 14 പോയിൻറിൻെറ ഇടിവാണ് ശ്രീകണ്ഠൻ നായർ ചീഫ് എഡിറ്ററായ ട്വൻറി ഫോർ വാർത്താ ചാനലിന് സംഭവിച്ചത്.
പരമ്പരാഗത വൈരികളായ റിപോർട്ടർ ടിവിയെ മറികടന്ന് പഴയ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുന്നതിനിടയിലാണ് എഡിറ്റോറിയൽ ടീമിൻെറയാകെ മനോവീര്യം കെടുന്ന കൂപ്പുകുത്തൽ ഉണ്ടായിരിക്കുന്നത്.
7 വർഷം മുൻപ് വാർത്താ ചാനൽ രംഗത്ത് പുതിയ ഭാവുകത്വവുമായി കടന്നുവന്ന ട്വൻറിഫോർ ന്യൂസ് ചാനൽ ഓഗ്മെൻറഡ് റിയാലിൻെറ അടക്കമുളള നവീന ഗ്രാഫിക്സ് സങ്കേതങ്ങൾ കൊണ്ടും നടപ്പ് മാതൃകകളെ തച്ചുടക്കുന്ന അവതരണരീതി കൊണ്ടുമാണ് അതിവേഗം വളരുകയും റേറ്റിങ്ങിൽ മുന്നിൽ എത്തുകയും ചെയ്തത്.
ചാനലിൻെറ വളർച്ചയിൽ നിർണായക ശക്തി ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ തന്നെയായിരുന്നു. അതേ ശ്രീകണ്ഠൻ നായർ തന്നെയാണ് ചാനലിൻെറ പ്രധാന ദൗർബല്യവും.
തമാശയും സരളമായ സംഭാഷണവും ഒക്കെയായി ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന പ്രഭാത വാർത്താ ഷോ റേറ്റിങ്ങിൽ അടുത്തകാലം വരെ മുന്നിലായിരുന്നു. ഇതോടെ മസില് പിടിച്ച് അവതരിപ്പിക്കുന്ന ശൈലിമാറ്റി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള ചാനലുകളും അവതരണ ശൈലിമാറ്റി.
ഹ്യൂമൻ ഇൻററസ്റ്റ് സ്റ്റോറികളും കാഴ്ചക്ക് ഇമ്പമുളള വാർത്തകളും ക്രൈം വാർത്തകളും മാത്രമാണ് ശ്രീകണ്ഠൻനായർ ഷോയുടെ ഉളളടക്കം.
എന്നാൽ ശ്രീകണ്ഠൻ നായരെ പിൻപറ്റി വാർത്താവതരണ ശൈലി അഴിച്ചുപണിത ഏഷ്യാനെറ്റും മനോരമയും ട്വൻറി ഫോറിൻെറ ഈച്ചകോപ്പിയായ റിപ്പോർട്ടറും ട്വൻറി ഫോർ ഷോകളുടെ ന്യൂനതകൾ കൂടി നികത്തിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ട്വൻറി ഫോറിൽ ഇല്ലാത്ത ഗൗരവമുളള വാർത്തകളും രാഷ്ട്രീയ സംഭവവികാസങ്ങളും സർക്കാരുമായി ബന്ധപ്പെട്ട വിമർശനാത്മകമായ വാർത്തയും എല്ലാം ഇതര ചാനലുകളിൽ കാണാം. ഈ വ്യത്യാസമാണ് വലിയ വാർത്താസംഭവങ്ങളോ ഈവൻറുകളോ ഇല്ലാത്ത ആഴ്ചകളിൽ ട്വൻറിഫോർ തകർന്നടിയാൻ കാരണം.
മാറുന്ന വാർത്താ അഭിരുചി തിരിച്ചറിയാതെ ശ്രീകണ്ഠൻ നായരുടെ സോഫ്റ്റ് സ്റ്റോറി ലൈനിൽ സഞ്ചരിച്ചാൽ ട്വൻറി ഫോറിനെ കാത്തിരിക്കുന്നത് വലിയ തകർച്ചയായിരിക്കും.
രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയും മൂന്നാം സ്ഥാനക്കാരായ ട്വൻറി ഫോറും തമ്മിൽ 20 പോയിൻറ് വ്യത്യാസമുളളപ്പോൾ നാലാം സ്ഥാനക്കാരായ മനോരമ ന്യൂസുമായുളള വ്യത്യാസം 10 പോയിൻറ് മാത്രമാണ്.
കഴിഞ്ഞ ആഴ്ചകളിലേ പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസാണ് മലയാളം വാർത്താ ചാനലുകളിലെ ഒന്നാമൻ. കേരള യൂണിവേഴ്സ് വിഭാഗത്തിൽ 84 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
തൊട്ടുമുൻപുളള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിനും 4 പോയിൻറ് ഇടിവുണ്ട്. കഴിഞ്ഞയാഴ്ചയിലെ 88 പോയിൻറിൽ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് 84ലേക്ക് എത്തിയത്.
സി.പി.ഐ സംസ്ഥാന സമ്മേളനം ആല്ലതെ വലിയ വാർത്തകളൊന്നും ഇല്ലാതിരുന്ന ആഴ്ചയിൽ സ്ഥിരം പ്രേക്ഷകരുടെ ബലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ തക്കംപാർത്തിരിക്കുന്ന റിപോർട്ടർ ടിവിക്ക് ഈയാഴ്ചയും മുന്നോട്ട് വരാനായില്ല. യൂണിവേഴ്സ് വിഭാഗത്തിൽ 68 പോയിൻറ് നേടിയ റിപോർട്ടർ ടിവിക്ക് ഈയാഴ്ചയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി അടയേണ്ടി വന്നു.
തൊട്ടുമുൻപുളള ആഴ്ചയിൽ 75 പോയിൻറ് ഉണ്ടായിരുന്ന റിപോർട്ടറിന് ഈയാഴ്ച 7 പോയിൻറിൻെറ നഷ്ടവും സംഭവിച്ചിട്ടുണ്ട്. വൻ വാർത്താ മുഹൂർത്തങ്ങളില്ലാത്തതാണ് റിപോർട്ടർ ടിവിയുടെയും പ്രശ്നം.
വലിയ വാർത്തകളില്ലാത്ത ആഴ്ചകളിൽ ചാനലുകളുടെ ഉളളടക്കമാണ് മാറ്റുരക്കപ്പെടുന്നത്. അപ്പോഴെല്ലാം റിപോർട്ടറിന് കീഴ്പോട്ടിറക്കമാണ്.
വിശ്വാസ്യതയുളള റിപോർട്ടർമാരും താൽപര്യങ്ങൾ ഒളിപ്പിച്ച വാർത്തകളും തുറന്നുകാട്ടപ്പെടുന്നതാണ് റിപോർട്ടർ ടിവിക്ക് തിരിച്ചടിയാകുന്നത്. പ്രകടമായ സി.പി.എം പക്ഷപാതിത്വവും റിപോർട്ടറിൻെറ പിന്നേട്ടടിക്ക് കാരണമാകുന്നുണ്ട്.
ആഴ്ചകൾക്ക് ശേഷം കാര്യമായ വെല്ലുവിളിയില്ലാതെ മനോരമ ന്യൂസ് നാലാം സ്ഥാനത്ത് എത്തുന്നതിനും ഈയാഴ്ചത്തെ റേറ്റിങ്ങ് സാക്ഷ്യം വഹിക്കുന്നുണ്ട്. 38 പോയിൻറ് നേടിയാണ് മനോരമ ന്യൂസ് നാലാം സ്ഥാനം ഉറപ്പിച്ചത്.
മനോരമക്ക് വെല്ലുവിളി ഉയർത്തിയിരുന്ന മാതൃഭൂമി ന്യൂസിന് 33 പോയിൻറ് മാത്രമേ നേടാനായുളളു. മനോരമയുമായി 5 പോയിൻറ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പോയ മാതൃഭൂമി ന്യൂസിന് നാലാം സ്ഥാനം തിരിച്ച് പിടിക്കാൻ നന്നായി അധ്വാനിക്കേണ്ടി വരും.
മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ശക്തമായ ഭീഷണി ഉയർത്തിയ ന്യൂസ് മലയാളം 24x7 ചാനൽ ഈയാഴ്ച ആറാം സ്ഥാനത്തേക്ക് പോയി. 29 പോയിൻറാണ് ന്യൂസ് മലയാളത്തിൻെറ സമ്പാദ്യം. 20 പോയിൻറ് നേടിയ ജനം ടിവിയാണ് ഏഴാം സ്ഥാനത്ത്.
13 പോയിൻറിലേക്ക് താഴ്ന്ന കൈരളിന്യൂസിൻെറ പതനമാണ് ഈയാഴ്ചയിലെ റേറ്റിങ്ങിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. സി.പി.എം ചാനലായി കൈരളിയുടെ പ്രേക്ഷകരെല്ലാം ഇപ്പോൾ റിപോർട്ടർ ടിവിക്ക് പിന്നാലേ പോയതാണ് തിരിച്ചടിയായത്.
11 പോയിൻറ് നേടിയ ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്ത്. 7 പോയിൻറുമായി മീഡിയവൺ ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.