/sathyam/media/media_files/2025/09/19/agola-ayyappa-sangamam-2-2025-09-19-17-55-54.jpg)
കോട്ടയം: നാളെയാണു സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ശബരിമല വികസനത്തിനു സംഗമം വേദിയാകുമെന്നാണു സര്‍ക്കാര്‍ വാദം. ശബരിമല സീസണ്‍ തുടങ്ങിയാല്‍ പോലും റോഡുകളുടെ അറ്റകുറ്റപ്പണി തീരില്ലെന്ന വിഷയം സംഗമത്തില്‍ ചര്‍ച്ച ചെയ്യുമോ ?
ഓരോ സീസണിലും നൂറുകണക്കിന് അയ്യപ്പ ഭക്തരുടെ ജീവനാണു നിരത്തില്‍ പൊലിയുന്നത്. ഏറെയും അപകടങ്ങള്‍ നടക്കുന്നതു കോട്ടയം, പത്തനംതിട്ട ജില്ലകളില്‍. ശബരിമലയുടെ 400 കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം സീണില്‍ നൂറോളം അപകടങ്ങളും നടക്കുന്നുണ്ട്. ലക്ഷക്കണക്കിനു വാഹനങ്ങളാണ് ഓരോ സീണിലും ശബരിമലയില്‍ എത്തി മടങ്ങുന്നത്.
പലപ്പോഴും റോഡുകളുടെ ശോച്യാവസ്ഥ അപകടത്തിനു കാരണമാകുന്നു. ശബിരിമല സീസണ്‍ ആരംഭിച്ചാല്‍ പോലും മുന്നൊരുക്കങ്ങള്‍ അവസാനിക്കാത്ത അവസ്ഥയുണ്ട്. റോഡിരികിലെ പുല്ല് വെട്ടിത്തെളിക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ല. പൊതുമരാമത്തു റോഡുകളിലെ കുഴികള്‍ നികത്തുന്നതിലും അലംഭാവം കാട്ടുന്നു.
വകുപ്പുകളിലെ ഏകോപനമില്ലായ്മ മുന്നൊരുക്കങ്ങള്‍ക്കു തടസമാണ്. റോഡുകളിലെ വഴി വിളക്കുകള്‍ കത്തിക്കാന്‍ പോലും നടപടി ഉണ്ടാകാറില്ല. ഇത് അപകടങ്ങള്‍ക്കു വഴിവെക്കും. ദീര്‍ഘ ദൂര യാത്രകഴിഞ്ഞെത്തുന്നവര്‍ ഉറങ്ങിപോകാന്‍ സാധ്യതകള്‍ ഏറെയാണ്. മുന്നൊരുക്കങ്ങളുടെ അഭാവം അപകട സാധ്യത ഇരട്ടിപ്പിക്കും.
ആഗോള അയ്യപ്പ സംഗമത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനവുമെടുത്താല്‍ സുരക്ഷിതമായ തീര്‍ഥാടന കാലം ഒരുക്കാം. പവിത്രത കാത്തുസൂക്ഷിച്ചു ശബരിമലയെ സമ്പൂര്‍ണ ഹരിത തീര്‍ഥാടന കേന്ദ്രമാക്കുന്നതിനു ഭക്തരുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുമാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
3 വേദികളിലായി നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനം മാസ്റ്റര്‍ പ്ലാനാണ്. ഉന്നതാധികാര സമിതി അംഗങ്ങള്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കാം. കൂട്ടത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച പാളിച്ചകള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നാണ് ആവശ്യം.