/sathyam/media/media_files/2025/09/20/1001264276-2025-09-20-12-05-09.jpg)
ചങ്ങനാശ്ശേരി : കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക സഭ.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിലാണ് നിലവിൽ ഈ ആവശ്യം മുന്നോട്ട് വെച്ച് രംഗത്ത് വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗമായ ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച 'പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി' എന്ന ജീവചരിത്രഗ്രന്ഥം അതിരൂപത ആസ്ഥാനത്ത് പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു വീണ്ടും കേരള കോൺഗ്രസുകളുടെ എകീകരണം ആവശ്യമുന്നയിച്ച് സീറോ മലബാർ സഭയിലെ ്രപധാനി തന്നെ രംഗത്ത് വന്നിട്ടുള്ളത്.
കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നു വെന്നുമായിരുന്നു അതിരൂപാധ്യക്ഷൻ വ്യക്തമാക്കിയത്.
എന്നാൽ ഇതിനോട് പ്രതികരിക്കാൻ കേരള കോൺഗ്രസ് എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവരുൾപ്പെടെ ്രപമുഖർ അണിനിരന്ന വേദിയിലായിരുന്നു തോമസ് തറയിൽ ഇക്കാര്യം തുറന്നടിച്ചത്.
നിലവിൽ എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള കേരളകോൺഗ്രസ് എം യു.ഡി.എഫിലെത്തുമെന്ന് മുമ്പും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ അതെല്ലാം തള്ളി പാർട്ടി ചെയർമാൻ ജോസ് .കെ. മാണി തന്നെ രംഗത്ത് വന്നിരുന്നു.
നിലവിൽ മാർ തോമസ് തറയിൽ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യം എൽ.ഡി.എഫിലും ആശങ്ക പരത്തുന്നതാണ്.
ജോസ് .കെ. മാണി ഈ ആവശ്യത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും അണികളിൽ ഭൂരിഭാഗവും കേരള കോൺഗ്രസ് എമ്മിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ മുമ്പ് ബാർ കോഴ ആരോപണത്തിൽ പെട്ട കെ.എം മാണിക്കെതിരെ കരുക്കൾ നീക്കിയത് ഇപ്പോഴത്തെ യു.ഡി.എഫ് കൺവീനർ കൂടിയായ അടൂർ പ്രകാശാണെന്ന ആരോപണം കേരളകോൺഗ്രസ് എമ്മിൽ സജീവമാണ്.
അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വം ഏത് രീതിയിൽ പ്രതികരിക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
തദ്ദേശത്തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് .കെ.മാണിയടക്കമുള്ളവർ എൽ.ഡി.എഫ് വിട്ടാൽ അത് ഇടതുമുന്നണിക്ക് കടുത്ത ക്ഷീണമാകും ഉണ്ടാക്കിവെയ്ക്കുക.