/sathyam/media/media_files/2025/09/22/photos348-2025-09-22-11-43-52.jpg)
കോട്ടയം: നവരാത്രി ആഘോഷങ്ങള്‍ക്കു ഒരുങ്ങി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. ദേശീയ സംഗീത നൃത്തോത്സവത്തിന് ഇന്നു തുടക്കമാകും.
29ന് പൂജവയ്പ്പും ഒക്ടോബര്‍ 2 ന് വിദ്യാരംഭവും നടക്കും. അയ്യായിരത്തിലധികം കുരുന്നുകള്‍ അന്ന് ആദ്യാക്ഷരം കുറിക്കും.
ഇരുപതിലധികം ആചാര്യന്‍മാരാണ് കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാനായി എത്തുന്നത്. കലാ മണ്ഡപത്തില്‍ ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ സംഗീതാര്‍ച്ചനയോടെ ആയിരിക്കും ദേശീയ സംഗീതോത്സവം ആരംഭിക്കുന്നത്.
ആറ്റുകാല്‍ ബാലസുബ്രഹ്‌മണ്യം, വാഴപ്പള്ളി അനില്‍കുമാര്‍, ഗൗരീശപട്ടം സജികുമാര്‍ മുഖര്‍ശംഖ് എന്നിവരാണ് പക്കമേളം.
സംഗീത കച്ചേരി അരങ്ങേറുന്ന നാള്‍ മുതല്‍ മഹാനവമി വരെ സംഗീതോത്സവത്തില്‍ നിരവധി കലാകാരന്മാരാണ് സംഗീത നൃത്താര്‍ച്ചനകള്‍ നടത്തുന്നത്.
ക്ഷേത്ര അങ്കണത്തില്‍ നടത്തുന്ന ഐതിഹ്യ ചിത്രപ്രദര്‍ശനമായ ചിത്രായനത്തിന്റെ അനാച്ഛാദനം ചിത്രകാരനായ മോഹന്‍ദാസ് കുമാരനല്ലൂര്‍ അന്നേദിവസം നിര്‍വഹിക്കും.
രാത്രി 9.30 ന് ശ്രീ മഹാദേവ നൃത്ത വിദ്യാലയം ആര്‍പ്പൂക്കര നടത്തുന്ന ശാസ്ത്രീയ നൃത്തം. 10.30ന് ജയകേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് പൊന്‍കുന്നം നടത്തുന്ന 11 നടനവര്‍ഷിണി, ശേഷം ആലപ്പുഴ കൃഷ്ണകല കേന്ദ്രം നടത്തുന്ന ഭരതനാട്യവും ദേശീയ സംഗീത നൃത്തോത്സവും അരങ്ങേറും. എല്ലാ ദിവസങ്ങളിലും സംഗീതസദസും നൃത്തനൃത്യങ്ങളും ഉണ്ടാകും.
29ന് വൈകിട്ട് 5.30 ന് സംഗീതസരസ്വതി പുരസ്‌ക്കാര വിതരണം പനച്ചിക്കാട് ദേവസ്വം സെക്രട്ടറി കെ.എന്‍ നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കും.
പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. 6 ന് ചെണ്ട, പഞ്ചാരിമേളം മോന്‍കുട്ടന്‍ വാകത്താവും പാര്‍ട്ടി അവതരിപ്പിക്കും. തുടര്‍ന്ന് 6.30 ന് ദീപാരാധനയും ഗ്രന്ഥമെഴുന്നള്ളപ്പിനും ശേഷം പൂജവയ്പ്പ് നടക്കും.
വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും.
പഞ്ചവാദ്യം, നാദസ്വരം തുടങ്ങിയ മേളങ്ങളുടെ അകമ്പടിയോടുകൂടി ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെ സരസ്വതി സന്നിധിയില്‍ എത്തിചേരും. പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ പൂജവച്ചതിനു ശേഷം സംഗീത സദസും മറ്റ് പരിപാടികളും തുടര്‍ന്ന് നടക്കും.