/sathyam/media/media_files/1rou0XhKqmdCxq8fs0uf.jpg)
കോട്ടയം : ഓണത്തിന് നടന്ന റെക്കോര്‍ഡ് കച്ചവടം തുടരാന്‍ സപ്ലൈകോ. വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കുകയാണ് സപ്ലൈക്കോ.
ഇന്നു മുതല്‍ സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്.
319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആകും.
സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും.
25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാകാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.
സബ്സിഡി സാധനങ്ങള്‍ക്ക് വില കുറയുകയും അധിക അരി ലഭ്യമാകുകയും ചെയ്യുന്നതോടെ കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിയേക്കും.
ഓണക്കാലത്ത് സപ്ലൈകോയ്ക്ക് 386 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന ലഭിച്ചിരുന്നു. ഇതില്‍ 180 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കിയ ഉല്‍പ്പന്നങ്ങളാണ്.
വെളിച്ചെണ്ണയുടെ വിപണി വില നിയന്ത്രണത്തിലാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും സാധിച്ചിരുന്നു.
കൂടാതെ കേരഫെഡില്‍ നിന്നു സപ്ലൈകോ വഴി ലിറ്ററിന് 457 രൂപയ്ക്കു വെളിച്ചെണ്ണ വില്‍ക്കാന്‍ കഴിഞ്ഞു, അക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില ലിറ്ററിന് 529 രൂപയായിരുന്നു. ഇത് കൂടുതല്‍ കുറച്ചു, അങ്ങനെ കേര ബ്രാന്‍ഡ് 429 ന് വില്‍ക്കാന്‍ കഴിഞ്ഞു.
ഓണക്കാലത്ത് സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് സബ്‌സിഡി നിരക്കില്‍ 339 നും സബ്‌സിഡി ഇല്ലാതെ 389 നും വിറ്റു.
ഇതിനിടെയാണ് കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി വീണ്ടും കുറച്ചത്.
ഒക്‌ടോബറിൽ വെളിച്ചെണ്ണ വില കൂടുതല്‍ കുറയ്ക്കുമെന്നു ഭക്ഷ്യവകുപ്പ് പറയുന്നു.