/sathyam/media/media_files/2025/09/25/photos379-2025-09-25-10-36-30.jpg)
കോട്ടയം: കെ.എസ്.ആർ.ടി.സിക്ക് ഡെലിവറി കൊടുക്കാൻ ബംഗലൂരുവിൽ നിന്ന് പുറപ്പെട്ട വണ്ടി ഹോസൂരിൽ വച്ച് അപകടത്തിൽ പെട്ടു. പുതിയ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
ഹോസൂരിൽ വച്ച് പിന്നിൽ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ മുന്നോട്ട് തെന്നി നീങ്ങിയ ബസിൻ്റെ മുൻ ഭാഗം മറ്റൊരു ലോറിയുടെ പിന്നിലും ഇടിച്ചുകയറി.
ബസിൻ്റെ മുൻ പിൻ ഭാഗങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. അടുത്തിടെയാണ് കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങിയത്. ഇതിൽ ആദ്യത്തെ ബാച്ച് വണ്ടികൾ നാട്ടിൽ എത്തിച്ച് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
അടുത്ത ബാച്ചിൽപ്പെട്ട വണ്ടിയാണ് ബോഡി നിർമാണം പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ബസ് വർക്ക്ഷോപ്പിലേക്ക് തിരിച്ചു കൊണ്ടു പോകുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ ബസുകളുടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം കോട്ടയം ബേക്കർ ജങ്ഷനിലെ കയറ്റത്തിൽ ലോറി പുറകോട്ട് വന്നു ഇടിച്ചു പുതിയ സൂപ്പർ ഫാസ്റ്റ് ബസിൻ്റെ ഗ്ലാസ് പൊട്ടിയിരുന്നു.