/sathyam/media/media_files/2025/09/25/photos381-2025-09-25-12-26-08.jpg)
കോട്ടയം: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കിയ സംഭവം നമ്മുടെ മാതാപിതാക്കളുടെ കണ്ണു തുറപ്പിക്കുമോ?.
കുട്ടികളുടെ വിജയം മാതാപിതാക്കളുടെ പ്രാപ്തിയുടെ അളവുകോലായാണ് സമൂഹം കാണുന്നത്. ഉയർന്ന മാർക്ക് നേടണം, അല്ലെങ്കിൽ ഡോക്ടറോ എൻജിനീയറോ ആയാൽ മാത്രമേ ഉന്നത പദവിയും ബഹുമാനവും ഉറപ്പാക്കൂ എന്ന കാഴ്ചപ്പാട് മാതാപിതാക്കളിൽ അനാവശ്യ ഭയം വിതയ്ക്കുന്നുണ്ട്.
ട്യൂഷൻ ഫീസുകളും കോച്ചിംഗ് ക്ലാസുകളും ഉൾപ്പടെ മികച്ച വിദ്യാഭ്യാസത്തിന് വേണ്ടി രക്ഷിതാക്കൾ വൻതുക ചെലവഴിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഫലപ്രാപ്തി അവരിൽ നിരന്തരമായ ആകാംക്ഷയുണ്ടാക്കുന്നു.
തങ്ങൾക്ക് നേടാനാകാത്ത സ്വപ്നങ്ങൾ കുട്ടികൾ പൂർത്തിയാക്കുമെന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. ഇത് തെറ്റായ പ്രതീക്ഷയാണ്. നല്ല മാർക്ക് ഇല്ലെങ്കിൽ, നല്ല വിഷയം എടുത്തു പഠിച്ചില്ലെങ്കിൽ ഭാവിയില്ല എന്ന ഭയം കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും.
മാതാപിതാക്കൾ തമ്മിലുള്ള പഠനവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നത കുടുംബ സമാധാനവും തകർക്കും. ഇത്തരം സമ്മർദ്ദങ്ങൾ പലപ്പോഴും ഉല്ക്കണ്ഠ, ഉറക്കക്കുറവ്, ബന്ധങ്ങളിൽ സംഘർഷം എന്നിവയ്ക്കാണ് വഴിയൊരുക്കുക.
സമ്മർദ്ദത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും അതിനെ ഫലപ്രദമായി നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് അനിവാര്യമാണ്.
പക്ഷേ, കുട്ടികളുടെ ഭാവിക്ക് എന്നു കരുതി അവരുടെ പ്രതിഷേധങ്ങൾ അവഗണിക്കപ്പെടുന്നു. ഇത് ഒടുവിൽ എത്തി നിൽകുക ആത്മഹത്യയിലൊ കടുത്ത മാനസിക പ്രശ്നങ്ങളിലോ ആയിരിക്കും.
ഇത്തരമൊരു സംഭവമാറ് നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി, ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് ജീവനൊടുന്നതിലേക്ക് വഴിവെച്ചത്.
മഹാരാഷ്ട്രയിലെ ചന്ദര്‍പുര്‍ ജില്ലയിലെ നവര്‍ഗാവിലാണ് സംഭവം. അനുരാഗ് അനില്‍ ബൊര്‍കാര്‍ എന്ന പത്തൊന്‍പതുകാരനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പുർ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം.
2025 നീറ്റ് യുജി പരീക്ഷയില്‍ 99.99 പെർസന്റൈല്‍ നേടിയ അനുരാഗിന് ഒബിസി വിഭാഗത്തില്‍ ദേശീയതലത്തില്‍ 1475-ാം റാങ്കുമുണ്ടായിരുന്നു. അനുരാഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് അടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തനിക്ക് ഡോക്ടറാകാന്‍ താല്‍പര്യമില്ലെന്നാണ് അനുരാഗ് എഴുതിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നു നമ്മുടെ കേരളത്തിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു. കുട്ടികളിൽ മാനസിക സമ്മർദത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരുതരമാവുകയാണെന്ന് വിദഗ്ധർ ഒന്നടങ്കം പറയുന്നുണ്ട്.
കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്.
ഇന്നു സമൂഹത്തിൽ വർധിച്ചു വരുന്ന ഒരു പ്രവണതയാണ് കോച്ചിങ് സെൻ്റ്റുകളിൽ കുട്ടികളെ ചേർക്കുന്നത്. സ്കൂൾ അഡ്മിഷൻ കിട്ടുന്നതിലും കഠിനമാണ് പല ഉന്നത്ത കോച്ചിങ് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കുക എന്നത്.
95 ശതമാനത്തിന് മുകളിൽ മാർക് വാങ്ങുന്ന കുട്ടികളെ മാത്രം തെരഞ്ഞെടുത്ത് പഠിപ്പിച്ച് നൂറുമേനി റിസൾട്ട് എന്ന് പരസ്യം ചെയ്യുന്ന സ്ഥാപനങ്ങളും ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ ഫീസും നൽകണം.
പക്ഷേ, ഇവിടെ പഠിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദം വളരെ വലുതാണ്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ഇത്തരം കുട്ടികൾക്കായെന്നു വരില്ല.
കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെങ്കിൽ അവർ മാത്രമല്ല മാറേണ്ടത്, മാതാപിതാക്കളും അധ്യാപകരും സമൂഹവുംകൂടിയാണ്.