/sathyam/media/media_files/2025/09/29/muneer-t-basheer-accident-2025-09-29-12-27-26.jpg)
കാഞ്ഞിരപ്പള്ളി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു മരിച്ച യുവാവിൻ്റെ സംസ്കാരം ഇന്ന്. കാഞ്ഞിരപ്പള്ളി, പാറക്കടവിൽ തുണ്ടിയിൽ പരേതനായ ബഷീർ - ലൈല ദമ്പതികളുടെ മകൻ മുനീർ റ്റി. ബഷീർ (33) ആണ് മരിച്ചത്.
റോയൽ ലൈൻ സോഡാ ഫാക്ടറി നടത്തി വരികയായിരുന്ന മുനീറിൻ്റെ സ്കൂട്ടറിൽ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ ഒന്നാമൈൽ വളവുകയം ഭാഗത്ത് വച്ച് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കു പോകുകയായിരുന്ന ആമീസ് എന്ന സ്വകാര്യ ബസാണ് ആനക്കല്ല് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടസ്ഥലത്തു വച്ചു തന്നെ മുനീർ മരണപ്പെട്ടു.
ഭാര്യ: ഫാത്തിമ ആനിത്തോട്ടം. മക്കൾ: മുഹമ്മദ് ഹംദാൻ, ഹയാ മുനീർ. സഹോദരങ്ങൾ: കബീർ (സിപിഎം പാറക്കടവ് ബ്രാഞ്ച് അംഗം), ഷെമീർ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി നൈനാർ പളളിയിൽ കബറടക്കം നടത്തും.
ആവർത്തിക്കുന്ന സ്വകാര്യ ബസ് അപകടങ്ങളിൽ ജനങ്ങൾക്ക് ആശങ്ക വർധിക്കുകയാണ്. ഏതാനും ദിവസം മുമ്പാണ് റോബിൻ ബസ് കാൽനടയാത്രികൻ്റെ കാലിലൂടെ കയറിയിറങ്ങിയത്.
ദിവസേനയെന്നോണമാണ് ചെറുതും വലുതുമായ സ്വകാര്യ ബസ് അപകടങ്ങൾ ജില്ലയിൽ അരങ്ങേറുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജനങ്ങൾ പറയുന്നു.