/sathyam/media/media_files/2025/09/29/jismol-2025-09-29-12-36-47.jpg)
കോട്ടയം: ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ ജിസ്മോൾ മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കഴിഞ്ഞ ഏപ്രിൽ 15-നാണ് ജിസ്മോൾ മക്കളായ അഞ്ചുവയസ്സുകാരി നേഹയെയും രണ്ട് വയസ്സുകാരി നോറയെയും കൂട്ടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
ജിസ്മോളുടെ പിതാവ് പി.കെ. തോമസ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു അപേക്ഷ നൽകിയെങ്കിലും നടപടിയില്ലാതെ വന്നതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുകൂല ഉത്തരവ് നൽകിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും അറസ്റ്റ് ഏറ്റുമാനൂർ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാരോപിച്ച് ജിസ്മോളുടെ കുടുംബവും സമരസമിതിയും നിലപാട് സ്വീകരിച്ചിരുന്നു. ഭർതൃമാതാവിനെയും ഭർത്താവിൻ്റെ സഹോദരിയെയും കേസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമുയർന്നിരുന്നു.
തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ജിസ്മോൾ ഭർത്തൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ജിസ്മോളെ നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും പതിവായി അപമാനിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
ഇതിനോടനുബന്ധിച്ച് ജിസ്മോളുടെ വീട്ടുകാർ, ബന്ധുക്കൾ, സമരസമിതി അംഗങ്ങൾ തുടങ്ങിയവരുടെ മൊഴികളും രേഖപ്പെടുത്തി. വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്.