/sathyam/media/media_files/2025/09/29/pj-kurian-g-sukumaran-nair-2025-09-29-13-08-22.jpg)
കോട്ടയം: എൻ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ പൂർണ്ണമായും എൽ.ഡി.എഫിനില്ലെന്ന് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ.
ആഗോള അയ്യപ്പ സംഗമത്തിൽ എൽ.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി നിലപാട് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷമായിരുന്നു കുര്യന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ആഗോള അയ്യപ്പ സംഗമത്തിൽ സംസ്ഥാനസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ചും ജനറൽ സെക്രട്ടറി രംഗത്ത് വന്നത്. ഇതോടെ കോൺഗ്രസുമായി എൻ.എസ്.എസ് അകലുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.
തുടർന്നാണ് എക്കാലത്തും എൻ.എസ്.എസിന്റെ വിശ്വസ്തനും മുൻ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗവുമായ പി.ജെ കുര്യൻ അനുനയ നീക്കത്തിന് രംഗത്തിറങ്ങിയത്.
എൽ ഡി എഫിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാട് എൻഎസ് എസ് സ്വീകരിച്ചിട്ടിട്ടില്ല. ശബരിമല വിഷയത്തിൽ മാത്രമാണ് സർക്കാരിന് പിന്തുണയെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയതായി കുര്യൻ പറഞ്ഞു.
എൻ.എസ്.എസിന്റെ രാഷ്ടീയ നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും സമദൂരമെന്ന മുൻ നിലപാടിൽ അവർ ഇപ്പോഴും ഉറച്ചു നിൽക്കയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പി.ജെ കുര്യനുമായുള്ള കൂടിക്കാഴ്ച്ച കോൺഗ്രസുമായുള്ള എൻ.എസ്.എസിന്റെ അകൽച്ച കുറയ്ക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
എൻ.എസ്.എസ് ആസ്ഥാനത്ത് വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ആഗോള അയ്യപ്പ സംഗമത്തിൽ എൽ.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാട് സംബന്ധിച്ച് ചൂടേറിയ രാഷ്ട്രീയ ചർച്ച നടക്കുകയാണ്.
2018ൽ സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശം നടപ്പാക്കുന്നതിനെതിരെ എൻ.എസ്.എസ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ നാമജപ ഘോഷയാത്രയും അന്ന് നടത്തിയിരുന്നു.
യുവതീ പ്രവേശനത്തെ അനുകൂലിച്ച് മുമ്പ് വി.എസ് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം നിലവിലെ ഇടത് സർക്കാർ ഇതുവരെ പിൻവലിക്കാനും തയ്യാറായിട്ടില്ല.
തുടർന്ന് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയയ്ക്കുകയും സംഗമത്തെ പിന്താങ്ങി ജനറൽ സെക്രട്ടറി തന്നെ രംഗത്ത് വരികയും ചെയ്തത് വലിയ വിവാദമായിരുന്നു.