/sathyam/media/media_files/2025/09/29/doctors-sticker-2025-09-29-13-33-02.jpg)
കോട്ടയം: കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പോലീസ് പിടികൂടിയ വാർത്തയാണ് ഇന്നു സോഷ്യൽ മീഡിയയിൽ താരം. പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്നു പേരാണ് കഞ്ചാവ് കടത്തിന് അറസ്റ്റിലായത്.
കൗതുകമെന്തെന്നാൽ ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ പതിക്കാറുളള സ്റ്റിക്കര്‍ പതിച്ചായിരുന്നു കഞ്ചാവ് കടത്ത്. പോലീസിന് സംശയം തോന്നാതിരിക്കാനാണ് ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കര്‍ കഞ്ചാവ് വണ്ടിയില്‍ പതിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
സമീപ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ നിന്ന് ഈ തരത്തില്‍ ലഹരി കടത്തിയ ഒന്നിലേറെ സംഘങ്ങള്‍ പിടിയിലായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ ഉപയോഗിച്ച കാറിന്റെ ഡിമാന്റ് ഒന്നുകൂടെ ഉയരുമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.
യൂസ്ഡ് കാര്‍ രംഗത്തെ താരമാണ് 'ഡോക്ടര്‍ ഉപയോഗിച്ച' കാറുകള്‍. ഡോക്ടര്‍മാര്‍ ഉപയോഗിച്ച വാഹനങ്ങള്‍ നല്ല നിലവാരത്തില്‍ ഉള്ളവയായിരിക്കും എന്നാണ് പൊതുവേയുള്ള ധാരണ.
ലേഡി ഡോക്ടര്‍മാരാണെങ്കില്‍ കാറിന്റെ ഡിമാന്റ് കൂടും. ഡോക്ടര്‍മാര്‍ക്ക് വീട്ടില്‍ നിന്ന് ആശുപത്രി വരേയുള്ള ചെറിയ ഓട്ടം മാത്രമേയുണ്ടാകൂ എന്നതിനാല്‍ പലരും ഡോക്ടര്‍ സ്റ്റിക്കറുള്ള കാറുകള്‍ നോക്കി വാങ്ങുന്നു.
എന്നാല്‍, വിരുതന്‍മാരായ ചില ഡീലര്‍മാര്‍ ഡോക്ടര്‍ സ്റ്റിക്കര്‍ പതിച്ച് ഉപഭോക്താക്കളെ പറ്റിക്കാറുമുണ്ട്. ഇതിന്റെ പേരില്‍ രണ്ടര ലക്ഷം രൂപയുടെ കാറിന് മൂന്നേകാല്‍ ലക്ഷം വരെയാക്കി വര്‍ധിപ്പിക്കാനും ഇക്കൂട്ടര്‍ക്കു മടിയില്ല. അതിനു വേണ്ടുന്ന തെളിവുകളും ഇക്കൂട്ടര്‍ സംഘടിപ്പിക്കും.
ചില മിത്തുകളാണ് ഡോക്ടര്‍ ഉപയോഗിച്ച കാര്‍, അല്ലെങ്കിൽ ടീച്ചര്‍ ഉപയോഗിച്ച കാര്‍ എന്നിവയൊക്കെയെന്നു വാഹന രംഗത്തുള്ളവര്‍ പറയുന്നു. ഇവയൊക്കെ വെറും ഗിമിക്കാണ്.
അവരും നമ്മുടെ റോഡിലൂടെ തന്നെ ചിലപ്പോള്‍ നമ്മളെക്കാള്‍ വളരെ മോശമായി വണ്ടിയോടിച്ച് പോകുന്നവരാണ്. അതുകൊണ്ട് ആ പ്രലോഭനത്തില്‍ വീഴരുത്. ഒരു ഡോക്ടറുടെ സ്റ്റിക്കര്‍ നിങ്ങളുടെ വാഹനത്തിന് അധികമായി ഒന്നും നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു.
പിന്നെ കൗതുകകരമായ വസ്തുത അല്ലെങ്കില്‍ ഒരു തെറ്റിധാരണയാണ് കാലപഴക്കം കൂടിയാലും വളരെ കുറഞ്ഞ കിലോമീറ്ററുകള്‍ ഓടിയ വാഹനങ്ങള്‍ മികച്ചതാണ് എന്നതാണ്. ആ ധാരണ തെറ്റാണ്.
വാഹനം ഓടാന്‍ വേണ്ടി നിര്‍മിച്ച ഒരു യന്ത്രമാണ്. അത് ആവശ്യത്തിന് ഓടിയില്ലെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകാറുണ്ട്. അപ്പോള്‍ അത്തരം വാഹനങ്ങളും കണ്ണുമടച്ച് വാങ്ങരുതെന്നും മെക്കാനിക്ക് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.