/sathyam/media/media_files/2025/09/29/home-appliances-2025-09-29-14-26-08.jpg)
കോട്ടയം: ജി.എസ്.ടിയിലെ കുറവിനു പിന്നാലെ സജീവമായി ഗൃഹോപകരണ വിപണി. ജി.എസ്.ടി. കുറഞ്ഞതും നവരാത്രി ഓഫറുകളുമൊക്കെ വിപണിയെ സജീവമാക്കുകയായിരുന്നു.
ടി.വികള്‍, എ.സികള്‍, ഫ്രിഡ്ജുകള്‍ എന്നിവയ്‌ക്കെല്ലാം വില്‍പ്പന വര്‍ധിച്ചു. അതിലേറ്റവും പ്രധാനം പ്രീമിയം വാങ്ങലില്‍ വന്ന വര്‍ധനയാണ്.
വില കുറഞ്ഞതോടെ പ്രീമിയം ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചെന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32 ഇഞ്ച് വലിപ്പമുള്ള ടിവി വാങ്ങാനിരുന്നവർ 42, 55 ഇഞ്ച് വലിപ്പമുള്ള ടിവികൾ തെരഞ്ഞെടുക്കുന്നു.
പല കമ്പനികള്‍ക്കും 30 ശതമാനത്തിന്റെ വര്‍ധന രജ്യവ്യാപകമായി ഉണ്ടായപ്പോള്‍ കേരളത്തിലും ചെറുതല്ലാത്ത നേട്ടം ഉണ്ടാകുന്നുണ്ട്.
കേരളത്തില്‍ ഉത്തരേന്ത്യയിലെ പോലെ നവരാത്രി വലിയ ആഘോഷമല്ലെങ്കിലും നവരാത്രി ഓഫറുകള്‍ വിവിധ ഷോപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഓണത്തിനു ശേഷമാണ് ജിഎസ്ടി മാറ്റം എന്നതിനാല്‍ കാര്യമായ ജനത്തിരക്കില്ലതാനും.
ഓണത്തിന് പുതിയവ വാങ്ങിക്കുന്നതാണ് മലയാളികളുടെ പതിവ്. ഇക്കുറി തരക്കേടില്ലാത്ത കച്ചവടവും ഓണക്കാലത്ത് നടന്നിരുന്നു. ഓണത്തിന് പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ പോയവര്‍ക്കാണ് ഇപ്പോഴത്തെ ജി.എസ്ടി കുറവു നേട്ടമായിരിക്കുന്നത്.