/sathyam/media/media_files/2025/09/29/mule-account-frauds-2025-09-29-15-51-21.jpg)
കോട്ടയം: മ്യൂള്‍ അക്കൗണ്ടുകള്‍ വഴി സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി സുരക്ഷയൊരുക്കുന്ന നടപടികൾക്കു തുടക്കമായി.
പോലീസ് സഹായത്തോടെ എ.ടി.എം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുന്നതും ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി സുരക്ഷയൊരുക്കുന്നതുള്ള നടപടികള്‍ക്കാണ് പോലീസ് തുടക്കമിട്ടത്.
പോലീസും ബാങ്ക് അധികൃതരും ചേര്‍ന്നാണ് പ്രതിരോധമൊരുക്കുക. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും പോലീസിന്റെയും ബാങ്ക് മാനേജര്‍മാരുടെയും സംയുക്തയോഗങ്ങള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.
യുവാക്കള്‍ ചെറിയ തുകയ്ക്ക് അവരുടെ ബാങ്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, പാസ്ബുക്ക്, സിം കാര്‍ഡ് എന്നിവ ഉപയോഗിക്കാന്‍ കൈമാറാറുണ്ടെന്നു സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാര്‍ ഇടപാടിനായി ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. വൈകാതെ തന്നെ സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ട അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമയെ തേടി പോലീസ് എത്തുകയും ചെയ്യും.
ഉപയോഗിക്കാനായി വാങ്ങുന്ന അക്കൗണ്ടുകള്‍ പിന്നീട് മ്യൂള്‍ അക്കൗണ്ടുകള്‍ ആയി ഉപയോഗിച്ചാണ് അനധികൃത പണമിടപാടുകള്‍ നടത്തുന്നത്. ഇതിന്റെ നിയമപരമായ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്ക് തന്നെയായിരിക്കും.
സിബിഐയില്‍ നിന്നാണ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് എന്നെല്ലാം പറഞ്ഞ് വിളിച്ച് നിങ്ങള്‍ ഒരു കേസില്‍ പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് പണം തട്ടുന്ന ഇത്തരം തട്ടിപ്പുകാര്‍ ഇതുപോലുള്ള അക്കൗണ്ടുകളിലേക്കാണ് പണം കൈപ്പറ്റുക.
അതിനാല്‍ ആര്‍ക്കും നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, കാര്‍ഡുകള്‍, പാസ്ബുക്ക്, സിം കാര്‍ഡ് എന്നിവ കൈമാറരുത്. സംശയകരമായ ഇടപാടുകള്‍ കണ്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം.