/sathyam/media/media_files/2025/09/29/poojavaippu-2025-09-29-19-02-19.jpg)
കോട്ടയം: നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലും പൂജവെച്ചു. വ്യാഴാഴ്ചയാണു നവരാത്രി സമാപന ദിനമായ വിജയദശമി.
ഇക്കുറി പൂജവച്ചു രണ്ടു നാളുകള്‍ക്കു ശേഷമാണു വിജയദശമി ദിനം എത്തുക. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനുള്ള സൗകര്യമുണ്ടാകും.
രാവിലെ സരസ്വതീപൂജ, പൂജയെടുപ്പ് എന്നിവയെ തുടര്‍ന്നു വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും.
ഇന്നു വൈകീട്ട് പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പൂജവെപ്പ് നടന്നു. പുരാതന താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും മുതല്‍ പേനയും കലാ ഉപകരണങ്ങളും വരെ വിശ്വാസികള്‍ പൂജവെച്ചു. ക്ഷേത്രങ്ങളില്‍ പൂജവെയ്ക്കാന്‍ സാധിക്കാത്തവര്‍ വീടുകളില്‍ പൂജവെച്ചു.
പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ വൈകിട്ട് 5.30ന് വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുള്ള ഗ്രന്ഥമെഴുന്നള്ളിപ്പിനു തുടക്കമായി.
കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചൊഴിയക്കാട് ശ്രീകൃഷ്ണ ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു ഘോഷയാത്രകള്‍ പരുത്തുംപാറ കവലയില്‍ എത്തി. തുടര്‍ന്നു കാണിക്കമണ്ഡപം ചിറപ്പ് കമ്മിറ്റിയും ശ്രീസരസ്വതി ബാലഗോകുലവും ഘോഷയാത്രകളെ സ്വീകരിക്കും
തുടര്‍ന്നു കുമാരനാശാന്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. ശാഖാ മന്ദിരത്തിലും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിലും സ്വീകരണം. ഘോഷയാത്ര 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നാണു സരസ്വതി സന്നിധിയില്‍ ഒരുക്കിയിരിക്കുന്ന മണ്ഡപത്തില്‍ പൂജവെച്ചത്.
ദുര്‍ഗാഷ്ടമി ദിനത്തിലും തുടര്‍ന്നുള്ള മഹാനവമി ദിവസത്തിലും ക്ഷേത്രത്തിലേക്കു ഭക്തരുടെ ഒഴുക്കുണ്ടാകും. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനുള്ള സൗകര്യമുണ്ടാകും.
തിരക്കില്ലാതെ ആദ്യാക്ഷരം കുറിയ്ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും.