/sathyam/media/media_files/2025/09/29/vc-ananda-bose-tp-zenkumar-alphonse-kannanthanam-jacob-thomas-sreelekha-2025-09-29-20-39-28.jpg)
കോട്ടയം: സംസ്ഥാനത്തെ ബി.ജെ.പി സംഘപരിവാര്‍ ക്യാമ്പില്‍ നിലവില്‍ മൂന്നു സംസ്ഥാന ഡി.ജി.പിമാര്‍. മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ ബി.ജെ.പി പാളയത്തില്‍. അല്‍ഫോണ്‍സ് കണ്ണന്താനവും സി.വി ആനന്ദബോസ് ഉള്‍പ്പടെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ മറ്റൊരു നീണ്ട നിര.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ കാവി വല്‍ക്കരണം ഇന്നും ഇന്നലെയും സംസ്ഥാനത്തു തുടങ്ങിയതല്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായല്ല ഇവരില്‍ പലരും നില്‍ക്കുന്നതെങ്കിലും ഇത്തരം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതീവ പ്രാധാന്യത്തോടെയാണു ബി.ജെ.പി പാര്‍ട്ടിയിലേക്കു സ്വകീരിക്കുന്നത്. പല തന്ത്ര പ്രധാനമായ ചുമതലകളും ബി.ജെ.പി ഇവർക്കു നൽകാറുണ്ട്.
സര്‍വീസ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കപ്പെട്ടതാണെങ്കിലും സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇത്തരത്തില്‍ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ചോദ്യം പ്രസക്തമാണ്.
നരേന്ദ്ര മോഡിയോടുള്ള ആരാധനയും പൊതുപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയെന്ന ബോധ്യവും മൂലമാണു ബി.ജെ.പി അംഗത്വമെടുത്തതെന്നാണു റിട്ട. ഡി.ജി.പി ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ നല്‍കിയ വിശദീകരണം.
മറ്റുള്ളവരും ഏറെക്കുറെ സമാനമായ ആശങ്ങളാണു ബി.ജെ.പി അംഗത്വമെടുക്കുമ്പോള്‍ പങ്കുവെച്ചതും. തന്റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോള്‍, തന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്നു തിരിച്ചറിഞ്ഞപ്പോഴാണു പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോമായി ബി.ജെ.പിയെ തെരഞ്ഞെടുത്തതെന്നാണു രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് അന്നു ജേക്കബ് തോമസ് പറഞ്ഞത്. അതേ ഉദ്യോഗസ്ഥനാണു നിലവില്‍ ആര്‍.എസ്.എസില്‍ എത്തി നില്‍കുന്നത്.
ഇന്നു സംസ്ഥാന സര്‍ക്കരിന് അനഭിമതരായി നല്‍ക്കുന്ന പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ബി.ജെ.പി - ആര്‍.എസ്.എസ് ചായ്‌വുള്ളവരാണ്. ഇവരെ എല്‍.ഡി.എഫും സി.പി.എമ്മും പ്രത്യേകം നോട്ട് ചെയ്തിട്ടുമുണ്ട്.
നിലവില്‍ സര്‍വീസിലിരിക്കുന്ന എ.ഡി.ജി.പി അജിത് കുമാറിന്റെ ആര്‍.എസ്.എസുമായുള്ള ബന്ധവും പുറത്തുവന്നിട്ടുള്ളതാണ്. ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ് അദ്ദേഹം. എന്നാല്‍, സി.പി.എം അജിത് കുമാറിനെ സംരക്ഷിക്കുന്നു എന്നതു മറ്റൊരു കൗതുകമാണ്.
കേരള പോലീസിന്റെ പല നടപടികളിലും ആര്‍.എസ്.എസ് വിധേയത്വം പ്രകടമാണെന്നാണ ആക്ഷേപം ശക്തമാണ്.
നിയമനടപടികളില്‍ സംഘ്പരിവാര്‍ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആര്‍.എസ്.എസ് സെല്‍, സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്നു സംഘ്പരിവാര്‍ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നല്‍കാന്‍ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി.
സാധാരണഗതിയില്‍ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാല്‍ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍.എസ്.എസിന്റെ ഉപകരണമായി മാറുന്നുവെന്നാണു പരാതി സമീപകാലത്ത് ഉയര്‍ന്നു വന്നതാണ്.
ഭരണകക്ഷിയെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ ഉള്‍പ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാര്‍ട്ടി യോഗങ്ങളില്‍ സി.പി.എമ്മുകാരില്‍ നിന്നും ഇതേ ആഷേപം ഉയരുന്നുണ്ട്. അത്രയും ശക്തമാണു പോലീസിലെ ആര്‍.എസ്.എസ് സ്വാധീനം.
ബി.ജെ.പിക്കു ഭരണമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ പോലീസ് സേനയ്ക്കുള്ളിലും മുതിര്‍ന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥര്‍ക്കുള്ളിലും കാവിവല്‍ക്കരണം നടക്കുന്നുണ്ട്.
തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലെ ഐ.പി.എസ് പദവി രാജിവെച്ച ശേഷമാണു ബി.ജെ.പിയില്‍ ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്കു പുത്തന്‍ ഉണര്‍വ് പകരാന്‍ തുടക്കത്തില്‍ അണ്ണാമലെയ്ക്കു സാധിച്ചു.
പിന്നീട് ബിജെപി- അണ്ണാഡി.എം.കെ സഖ്യ രൂപീകരണത്തിന്റെ ഭാഗമായ് ഇ.പി.എസ് വിഭാഗവുമായി ഇടഞ്ഞുനിന്നിരുന്ന അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നു മാറ്റിയിരുന്നു. എന്നിരുന്നാലും ബി.ജെ.പി ദേശീയ നേതൃത്വം പ്രതീക്ഷവെക്കുന്ന നേതാവാണ് അണ്ണാമലെ.