/sathyam/media/media_files/2025/09/30/1001288957-2025-09-30-11-47-39.webp)
കോട്ടയം: നിര്‍മാണം നിലച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസിനു പുതുജീവന്‍ വെക്കുന്നു.
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചു റീടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ സബ്മിഷന്‍ ഉള്ള മറുപടി ധനകാര്യ മന്ത്രി സഭയില്‍ പറഞ്ഞു.
നഗരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ബൈപ്പാസ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ബൈപാസ് നിര്‍മാണം ആരംഭിച്ചത്.
ഗുജറാത്തിലെ ബാക്‌ബോണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ ഏറ്റെടുത്തത്. എന്നാല്‍,
18 മാസം നിര്‍മാണ കാലാവധി പറഞ്ഞിട്ടും പാറപൊട്ടിക്കല്‍ മണ്ണു നീക്കം ഉള്‍പ്പടെ കാലതാമസം വരുത്തുകയും നിര്‍ദേശങ്ങള്‍ പലതും അവഗണിക്കുകയും ചെയ്തതോടെ കാരാറുകരെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് പദ്ധതി നിലച്ച അവസ്ഥയിലായിരുന്നു. റീ ടെണ്ടറിനുള്ള നപടി അതിവേഗം പുരോഗമിക്കുകയാണെന്നു ധനമന്ത്രി സഭയെ അറിയിച്ചു.
നിര്‍മാണത്തിനായി ടെക്ക്‌നിക്കല്‍ സാങ്ഷനുവേണ്ടിയുള്ള ടിഎസ് കമ്മിറ്റി കൂടിയിട്ടില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്‍പ്പടെ വന്നാല്‍ ഇതില്‍ കാലതാമസം ഉണ്ടാകും എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരണിക്കണമെന്നു എം.എല്‍.എ പറഞ്ഞു.
ദേശീയപാതയില്‍ റാണി ആശുപത്രിപടിക്കല്‍നിന്ന് ആരംഭിച്ച് കുരിശുങ്കല്‍ കവലയില്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തായി ദേശീയപാതയില്‍ എത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്.
ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം ബൈപാസിന്റെ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് (ആര്‍.ബി.ഡി.സി.കെ) കൈമാറിയിരുന്നു.
ഇവരുടെ മേല്‍നോട്ടത്തില്‍ കിറ്റ്കോയാണ് ഡിസൈന്‍ തയാറാക്കിയത്. കാഞ്ഞിരപ്പള്ളിക്കാരുടെയും ഡോ. എന്‍. ജയരാജ് എം.എല്‍.എയുടെയും സ്വപ്നപദ്ധതിയാണ് ബൈപാസ്.
കിഫ്ബി ധനസഹായത്താല്‍ പൂര്‍ത്തിയാക്കുന്ന ബൈപാസിന് അനുവദിച്ച 79.6 കോടിയില്‍ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനുശേഷം നിര്‍മാണത്തിന് മാത്രമായി പുതുക്കിയ നിരക്കില്‍ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടിയാണ്.
ഇതില്‍ 13 കോടിയോളം രൂപ ചിറ്റാര്‍പുഴക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്‌ലൈഓവറിന് മാത്രമാണ്. ഫ്‌ലൈഓവര്‍ പണിയുന്നതിനുള്ള പില്ലറുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു.
റാണി ആശുപത്രിപടിക്കല്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ ബൈപാസിന്റെ നിര്‍മാണം നടന്നുവരികയായിരുന്നു. അതിനിടയാണ് പ്രതിസന്ധി ഉടലെടുത്തത്.