/sathyam/media/media_files/2025/09/30/v-sivankutty-mar-thomas-tharayil-2025-09-30-22-16-22.jpg)
കോട്ടയം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും ക്രൈസ്തവ സഭകളും തുറന്ന പോരിലേക്ക്.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം ഉള്ള അവസ്ഥയാണ് നിലവില്‍ ഉള്ളത്. അധ്യാപക തസ്തികകളിലെ ഭിന്ന ശേഷി സംവരണത്തില്‍ എന്‍.എസ്.എസ്. നേടിയ സുപ്രീം കോടതി വിധി തങ്ങള്‍ക്കും അനുകൂലമാക്കണമെന്ന സഭകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ഇപ്പോള്‍ ഉള്ള പ്രതിസന്ധിക്കു കാരണം.
ഭിന്നശേഷി സംവരണ തസ്തികകളിലേക്ക് നിയമിക്കുവാന്‍ യോഗ്യരായവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റുള്ളവരുടെ നിയമനങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതിയുടെ അനുകൂല വധി എന്‍.എസ്.എസ് നേടിയത്.
എന്നാല്‍, മറ്റു മാനേജ്‌മെന്റുള്‍ക്കു വിധി ബാധകമല്ലെന്നു നിലപാടാണ് സര്‍ക്കാരിന്. ഇതോടെ ആയിരക്കണക്കിനു നിയമനങ്ങള്‍ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ടു നിയമസഭയില്‍ നടന്ന തകര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ക്കു നിരവധി സംശയങ്ങളുണ്ട്.
എല്ലാ മാനേജ്‌മെന്റുകള്‍ക്കും സര്‍ക്കാര്‍ തുല്യ പരിഗണനയാണു നല്‍കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു മാനേജ്മെന്റുകളെ ഒരേ കണ്ണിലാണു കാണുന്നതെന്നും പറഞ്ഞിരുന്നു.
മന്ത്രി വി.ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്നു സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ നിയന്ത്രണത്തിലുള്ള സി.എം.എസ്. സ്‌കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാരെ നിയമിക്കുന്നതിനുള്ള എതിര്‍പ്പല്ല മറിച്ച് ആവശ്യമുളള തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സേഞ്ചുകളില്‍ നിന്നു ഭിന്നശേഷി സംവരണത്തില്‍ നിയമിക്കപ്പെടേണ്ട അധ്യാപകരെ ലഭിക്കാത്തതാണു നീയമനങ്ങള്‍ നടക്കാത്തതിന്റെ യഥാര്‍ഥകാരണം.
സി.എം.എസ്. കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഭിന്നശേഷി സംവരണം വഴി നികത്തേണ്ട 28 തസ്തികകള്‍ക്കു വേണ്ടി നാല് പ്രാവശ്യം അഭിമുഖങ്ങള്‍ നടത്തിയിട്ടും ഒന്‍പത് നിയമനങ്ങള്‍ മാത്രമാണു നടത്താനായത്.
യോഗ്യരായവരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ നിന്നു സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ സി.എം.എസ്. കോര്‍പ്പറേറ്റ് മാനേജ്മെന്റ് യഥാസമയം ഭിന്നശേഷി സംവരണം പൂര്‍ത്തീകരിക്കാന്‍ തയ്യാറെന്നും മാനേജര്‍ പറഞ്ഞു.
ഭിന്നശേഷി നിയമനത്തിലെ നൂലാമാലകള്‍മൂലം സ്ഥിരനിയമനം തടസപ്പെടുന്ന ക്രിസ്ത്യന്‍ എയ്ഡഡ് മാനേജുമെന്റുകളിലെ അധ്യാപകര്‍ നടത്തിവരുന്ന സമരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ പ്രസ്താവന തെറ്റിധാരണാജനകവും ദുരുദ്ദേശ്യപരവുമാണെന്നു സീറോമലബാര്‍ സഭ മീധയ കമ്മീഷന്‍ ചെയര്‍മാനും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനറും വിദ്യാഭ്യാസ കമ്മീഷന്‍ മെമ്പറുമായ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും പ്രതികരിച്ചത്.
ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഭിന്നശേഷി സംവരണപ്രകാരം നിയമനം നടത്തുന്നതിനെ എതിര്‍ത്തിട്ടില്ല എന്നു മാത്രമല്ല അതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയിട്ടുള്ളതും ഒഴിവുകള്‍ നീക്കിവച്ചിട്ടുള്ളതും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതുമാണ്.
എന്നാല്‍, യഥാവിധം ഭിന്നശേഷി നിയമനം നടത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇതിന്റെ പേരില്‍ നിയമനം പാസാകാതെയും ശമ്പളം ലഭിക്കാതെയും ആയിരക്കണക്കിന് അധ്യാപകരാണു നരകയാതന അനുഭവിക്കുന്നത്.
വാസ്തവം ഇതായിരിക്കെ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഭിന്നശേഷി നിയമനങ്ങളെ എതിര്‍ക്കുന്നു എന്ന തരത്തില്‍ പൊതുസമൂഹത്തില്‍ തെറ്റിധാരണ പരത്തുന്നവിധം സംസാരിക്കുകയും എന്‍.എസ്. എസ്. നേടിയെടുത്ത സുപ്രിംകോടതിവിധി സമാനസ്വഭാവമുള്ള ഏജന്‍സികള്‍ക്കും ബാധകമാണെന്നിരിക്കെ അതു നടപ്പിലാക്കാതെ ഒളിച്ചുകളി നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണു നിലപാടെങ്കില്‍ ഇവിടുത്ത ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്തെന്നു വ്യക്തമാക്കാന്‍ മന്ത്രി തയ്യാറാകണം ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.
സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ മറ്റ് അധ്യാപക നിയമനം പാസാക്കാതെ യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂര്‍വം ഉണ്ടാക്കുന്ന മന്ത്രി തിരുത്തണമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നത്.
എന്‍.എസ്.എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആര്‍ക്കും ബാധകമല്ല എന്നു പറയുന്നത് ദുരുദ്യേശ്യപരമായി ചേരിതിരിവ് ഉണ്ടാക്കി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്.
വര്‍ഗീയതയിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നയമാണെകില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ഒക്ടോബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന അവകാശ സംരക്ഷണ യാത്രയിലൂടെ കേരള ജനത്തിന്റെ മുമ്പില്‍ തുറന്നു കാട്ടുമെന്നും നീതിക്കും അവകാശങ്ങള്‍ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ വ്യകതമാക്കി.