മുന്‍പു 20 സെന്റീമീറ്റര്‍ നീളം ഉണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 12 സെന്റീമീറ്റര്‍ നീളം മാത്രം. വില്ലന്‍ കാലാവസ്ഥാ വ്യതിയാനം. പത്തു സെന്റീ മീറ്ററില്‍ താഴെയുള്ള മത്തി പിടിച്ചാല്‍ വന്‍ തുക പിഴ ഈടാക്കും

കഴിഞ്ഞവര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി

New Update
1001293740

കോട്ടയം: മുന്‍പു സുലഭമായിരുന്ന മത്തി, ഇന്നു മാര്‍ക്കറ്റുകളില്‍ പോലും ആവശ്യത്തിന് കിട്ടാനില്ല.

Advertisment

മലയാളികളുടെ ജനപ്രിയ ഭക്ഷണമാണ് മത്തികൊണ്ടുള്ള വിഭവങ്ങള്‍.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠനത്തില്‍ കണ്ടെത്തി. ഇപ്പോള്‍ ലഭ്യത കുറയാനും ഇതു കാരണമാണ്. 

20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ നീളം എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മത്തിക്ക് 12 മുതല്‍ 15 സെന്റീമീറ്ററാണ് നീളം.

മുന്‍പ് ശരാശരി 150 ഗ്രാം ഉണ്ടായിരുന്നത് ഇപ്പോള്‍ കഷ്ടിച്ച് 25 ഗ്രാം വരെ മാത്രമേ ഉള്ളൂ. മത്സ്യത്തിന്റെ വലുപ്പത്തിലും രുചിയിലും ഗണ്യമായ വ്യത്യാസമുണ്ടായതായി മത്സ്യത്തൊഴിലാളികളും പറയുന്നു.

കഴിഞ്ഞവര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി.

ലാര്‍വകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്തു.

മത്തിക്കുഞ്ഞുങ്ങള്‍ കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയില്‍ കുറവുണ്ടായി. ഇതുമൂലം വളര്‍ച്ച മുരടിക്കാനും തൂക്കം കുറയുന്നതിനും കാരണമായി.

 സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചു.

കടലില്‍ നിന്ന് പത്ത് സെന്റീമീറ്ററില്‍ കുറവ് വളര്‍ച്ചയുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിയമം.

ഇത് വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുള്ള മീനുകളെ പിടികൂടുന്ന വള്ളങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുന്നുണ്ട്.

 പരിശോധനയും നിയമനടപടികളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പും.

Advertisment