/sathyam/media/media_files/2025/10/02/vd-satheesan-inauguration-2025-10-02-12-35-01.jpg)
കാഞ്ഞിരപ്പള്ളി: 2021 ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ട ഒൻപത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ മൗണ്ട്‌ലൈൻ വില്ലാസ് ഭവന പദ്ധതി ദുരിതബാധിതർക്കായി സമർപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ നിർമ്മിച്ച ആറു വീടുകളുടെ താക്കോൽദാനവും മൂന്ന് വീടുകൾക്കുള്ള സ്ഥലവിതരണവും ഉൾപ്പെട്ട ചടങ്ങ്, പദ്ധതിയുടെ ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ അഡ്വ. സുനിൽ തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഇത്തരം പ്രവർത്തനങ്ങളിൽ സർക്കാരിന് ഉള്ള പരിമിതി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മഹത്തായ ഈ പദ്ധതി ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ടുപോയ സംഘത്തിൻ്റെ പ്രവർത്തനം പൊതുപ്രവർത്തകർക്കെല്ലാം മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.
ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. പ്രമാണ കൈമാറ്റവും, പത്തനംതിട്ട എം.പി. ആൻറോ ആന്റണി കുട്ടികൾക്കായുള്ള കളിസ്ഥലത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. നിർമാണകമ്മിറ്റിയുടെ ട്രഷറർ സെയ്ദ് ചെറുകര സ്വാഗതവും സെക്രട്ടറി പി. പി. അസീസ് റിപ്പോർട്ടും അവതരിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ, കെ.എൻ.എം., ഈരാറ്റുപേട്ട വലിയവീട്ടിൽ ഫാമിലി, നെസ്റ്റ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകളെയും ആർക്കിടെക്ട് പി.വി. ജനീവ്, കോൺട്രാക്ടർ സലീം കോനാട്ട്പറമ്പിൽ, മേൽനോട്ടം നിർവഹിച്ച അൽഫാസ് റഷീദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ഡോ. അർഷദ് ഫലാഹി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജസി ഷാജൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ജമാൽ പാനായിക്കുളം, കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, നെൽഹ ഫാത്തിമ സിറാജ്, പി.എം. അബ്ദുൽസലാം, പി.എ. അബ്ദുൽ ഹക്കീം, മൻസൂർ മൗലവി, പി.എ ഷെമീർ, ഷിയാസ് മൗലവി, നാസർ മൗലവി, തോമസ് കുന്നപ്പള്ളി, തോമസ് കല്ലാട്ടൻ, നായിഫ് ഫൈസി, അൻവർഷ, ടി.എസ്. നിസു, നാസ്സർ മുണ്ടക്കയം, നജീബ് കാഞ്ഞിരപ്പള്ളി, നാസ്സറുദ്ദീൻ, ഷിജാഗോപിദാസ് എന്നിവർ പ്രസംഗിച്ചു.