/sathyam/media/media_files/2025/10/02/old-cshool-building-2025-10-02-19-59-27.jpg)
കോട്ടയം: സുരക്ഷിതമല്ലാത്ത ഉടന്‍ പൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിര്‍ദേശിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടികള്‍ക്കു തുടക്കം..
സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ എങ്ങോട്ടേയ്ക്ക് ക്ലാസുകള്‍ മാറ്റുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ലേലം ചെയ്താണു കെട്ടിടങ്ങള്‍ പൊളിക്കേണ്ടത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണു ലേലത്തിനു വെച്ച് പൊളിച്ചുമാറ്റേണ്ട ചുമതല.
പഞ്ചായത്തില്‍നിന്നുള്ള എന്‍ജിനീയറുടെ സര്‍വേ ആന്‍ഡ് വാല്യുവേഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇത് ചെയ്യാനാകൂ. ഈ നടപടികള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ചു തദ്ദേശ ഭരണവകുപ്പ് ജോയിന്റ് ഡയറകട്ര്‍ക്ക് കത്തുനല്‍കിയിരുന്നു.
ഇതിനകം സര്‍വേ ആന്‍ഡ് വാല്യുവേഷന്‍ റിപ്പോര്‍ട്ടു കിട്ടിയ ഇടങ്ങളില്‍ പൊളിച്ചുമാറ്റല്‍ തുടങ്ങിയിട്ടുണ്ട്. പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ മാനേജര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ മാത്രം സുരക്ഷിതമല്ലാത്ത, ഉടന്‍ പൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിര്‍ദേശിച്ച കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് 63 പൊതു വിദ്യാലയങ്ങളാണ്. ഇതില്‍ 43 കെട്ടിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്. ഇതില്‍ മഹാഭൂരിപക്ഷവും കുരുന്നുകള്‍ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളുമാണ്.
സ്‌കൂള്‍ തുറക്കും മുമ്പേ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തദേശസ്ഥാപനങ്ങളില്‍നിന്നു വാങ്ങി സൂക്ഷിക്കണമെന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും പൊതു വിദ്യഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ മെയ് 13ന് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, ഈ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ താഴെതട്ടില്‍ നടപ്പായില്ല. അണ്‍ഫിറ്റ് കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളില്‍ അധ്യയനം തുടരാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മൗനാനുവാദമുണ്ടെന്നാണു സൂചന.
വിവരാവകാശ അപേക്ഷകളില്‍ അണ്‍ ഫിറ്റായ കെട്ടിടങ്ങളുടെ പട്ടിക മറച്ചുവെച്ച വിദ്യാഭ്യാസ വകുപ്പ്, നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ മാത്രമാണു വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായത്.
വാടക കെട്ടിടത്തിലേക്കോ ഷിഫ്റ്റ് സമ്പ്രദായത്തിലോ മാറാമായിരുന്നുവെങ്കിലും ഇതല്ലൊം അവഗണിച്ചാണു സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളില്‍ അധ്യയനം തുടരുന്നത്. പ്ലാന്‍ ഫണ്ട്, കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടങ്ങള്‍ അനുവദിക്കണമെന്നാണ് ഉയരുന്ന ആവശ്യം.