/sathyam/media/media_files/2025/10/02/g-sukumaran-nair-2-2025-10-02-20-21-59.jpg)
ചങ്ങനാശേരി: വിശ്വാസം, ആചാരം, അനുഷ്ടാനവും സംരക്ഷിക്കുകയാണ് എന്‍എസ്എസ് നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള 112 -ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിംതിരിയിലായിരുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നു. അന്നൊന്നും ഉണ്ടാകാത്ത വിഷയമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
എന്‍എസ്എസ് ജാതി തിരിച്ച് ഒന്നും കാണുന്നില്ല. വിശ്വാസത്തിനും, ആചാരത്തിനും, അനുഷ്ടാനത്തിനും പോറല്‍ ഏല്‍പിക്കുന്ന രീതിയില്‍ ഗവണ്‍മെന്റ് വന്നപ്പോഴാണ് എന്‍എസ്എസ് ശബ്ദമുയര്‍ത്തിയത്. അന്ന് എന്‍എസ്എസ് മാത്രമാണുണ്ടായിരുന്നത്.
പിന്നീട് സമരം ശക്തി പ്രാപിക്കുന്നതു കണ്ടപ്പോഴാണു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നത്. എന്‍എസ്എസ് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി വരെ കേസു നടത്തി. ഇപ്പോഴും സുപ്രീം കോടതിയില്‍ ഒമ്പത് അംഗ ബഞ്ചിലാണു കോസ്.
ശബരിമലയില്‍ മുന്‍ കാലങ്ങളിലെ പോലെ ആചാര അനുഷ്ടാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചു വരുന്ന സന്ദര്‍ഭത്തില്‍ ശബരിമലയില്‍ വികസനം കൂടി വേണം. അതിന് ആശയതലത്തില്‍ കൂടിയാലോചന വേണമെന്നു സര്‍ക്കാര്‍ പ്രതിനിധിയായ മന്ത്രി വി.എന്‍ വാസവന്‍ വന്നു പറഞ്ഞപ്പോള്‍ വിശ്വാസവും, ആചാരവും, അനുഷ്ടാനവും നിലനിര്‍ത്തണമെന്നാണ് എന്‍എസ്എസ് പറഞ്ഞത്.
അതിന് വേണ്ടിയാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത്. എന്നാല്‍ ഈ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കാനാണു ശ്രമം നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ലന്നും അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും എന്‍എസ്എസിന് കമ്മ്യൂണിസം നിഷിദ്ധമൊന്നുമല്ല, നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും.
ജി. സുകുമാരന്‍ നായരുടെ മാറില്‍ നൃത്ത മാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്, പക്ഷേ സമദൂരത്തില്‍ ശരിദൂരം കണ്ടെത്തി. ഇതില്‍ രാഷ്ട്രീയം നോക്കിയില്ല. സുകുമാരന്‍ നായര്‍ക്കെതിരെ അവിടേയും ഇവിടേയും ഫ്ളക്സ് ബോര്‍ഡ് പൊങ്ങിയെന്ന് പ്രചരണം നടത്തി.
ദൃശ്യ മാധ്യമങ്ങളുടെ നീക്കം കാണുമ്പോള്‍ ഇതിന്റെ പിന്നില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടെന്നു വൃക്തമാണ്. എന്‍എസ്എസിനെ ആക്ഷേപിക്കാന്‍ കൂട്ടുനിന്ന ചാനലുകളെ കൈകാര്യം ചെയ്യുമെന്നും, ശക്തമായി മറുപടി പറയേണ്ടിവരുമെന്നും നേതൃത്വത്തില്‍ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താല്‍ എന്‍എസ്എസിനെ തകര്‍ക്കാനാവില്ല.
112 വര്‍ഷമായ എന്‍എസ്എസ് ഇക്കാലമത്രയും അതിശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചാണു വളര്‍ന്നുവന്നത്. മാന്യമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിനെ കേവലം ലാഭേശ്ച കണ്ട് ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ല.
സമദൂരത്തില്‍ കഴിയുന്ന എന്‍എസ്എസിനെ കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസും, ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.