സാധാരണക്കാരുടെ ആശ്രയമാണ് സർക്കാർ ആശുപത്രികൾ. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന് ശേഷം മറ്റു കെട്ടിടങ്ങളുടെ പ്ലാസ്റ്ററിങ്ങ് ഇളകി വീണത് മൂന്നു തവണ. രണ്ടു പ്രാവശ്യവും വീണത് ആളുകളുടെ ശരീരത്തിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും സമാന അപകടം. രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നു

സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് കാരണം സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്

New Update
1001296535

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം പൊളിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു.

Advertisment

കോട്ടയം മെഡിക്കൽ കോളജിൽ മാത്രം കെട്ടിടം തകർന്നുണ്ടായ അപകടത്തിന് ശേഷം മറ്റു കെട്ടിടങ്ങളുടെ പ്ലാസ്റ്ററിങ്ങ് ഇളകി വീണത് മൂന്നു തവണയാണ്. 

ഒരു പ്രാവശ്യം ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ടു പ്രാവശ്യവും വീണത് ആളുകളുടെ ശരീരത്തിലാണ്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും സമാന അപകടം ഉണ്ടായി. രോഗിയുടെ ബന്ധുവിനാണ് പരുക്കേറ്റത്. 

രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് സൂക്ഷിച്ചിരുന്ന മുറിയിൽ പൊട്ടിത്തെറിയും അഗ്നിബാധയുമുണ്ടായതും നൂറുകണക്കിന് രോഗികളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നതും.

 കെട്ടിടത്തിന്റെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം രോഗികളെ മാറ്റാൻ പ്രയാസം നേരിട്ടത് വിവാദമായിരുന്നു.

മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇത്യാദി അത്യാഹിതങ്ങൾ അടിക്കടി ആവർത്തിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും കെട്ടിട നിർമാണത്തിന്റെ രീതിയും കാലപ്പഴക്കവും സുരക്ഷാ സംവിധാനങ്ങളും സമഗ്ര പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

ജീർണാവസ്ഥയിലാണ് സംസ്ഥാനത്തെ നിരവധി ആശുപത്രി കെട്ടിടങ്ങളെന്നാണ് റിപോർട്ട്.

ഇന്നത്തെ പോലെ നിലവാരമുള്ള നിർമാണ സാമഗ്രികളോ സാങ്കേതിക വിദ്യയോ ഉപയോഗിച്ച് നിർമിച്ചവയല്ല പഴയ കെട്ടിടങ്ങൾ.

കാലപ്പഴക്കത്തിൽ സംഭവിക്കുന്ന തേയ്മാനവും ജീർണതയും ബലക്കുറവും മൂലം രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമല്ല ഇവയിൽ പലതും.

ഫണ്ടിന്റെ കുറവ് കാരണം യഥാസമയം അറ്റകുറ്റപ്പണികളോ പുതിയ കെട്ടിട നിർമാണമോ നടക്കുന്നുമില്ല.

ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്തി അഞ്ച് ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് 2022ൽ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് കാരണം സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

രോഗം കലശലാകുമ്പോൾ ജീവൻ രക്ഷിക്കാനാണ് രോഗികളും ബന്ധുക്കളും ആശുപത്രികളിലെത്തുന്നത്.

 ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനും ആശുപത്രി അധികൃതർക്കും ഉത്തരവാദിത്വം കാണിക്കണം.

അത്യാഹിതങ്ങൾ മൂലം രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ ഇടയാകരുതെന്നാണ് ആവശ്യം ഉയരുന്നത്.

Advertisment