/sathyam/media/media_files/2025/10/03/central-meteorological-department-2025-10-03-16-08-52.jpg)
കോട്ടയം: വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും അറിയപ്പെടുക. ചുഴലിക്കാറ്റിനെ എന്തിനാണ് ഇങ്ങനെ പേരിടുന്നത്, പേരിടാനുള്ള അവകാശം എങ്ങനെ എന്നത് കൗതുകം ഉളവാക്കുന്നതാണ്.
പലപ്പോഴും ഒരേ സമയം ഒന്നിലേറെ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുന്നതിലും മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുമൊക്കെ ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓരോ ചുഴലിക്കാറ്റിനും പേര് നല്‍കുന്നത്.
മുൻപ് തോന്നും പടിയായിരുന്നു പേരിടല്‍. പിന്നീട് ചുഴലിക്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കാന്‍ തുടങ്ങി. പേരിടല്‍ രീതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പേരുകള്‍ അക്ഷരമാലാക്രമത്തിലാക്കി. ഉദാഹരണത്തിന് ഒരുവര്‍ഷം ആദ്യം രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ പേര് ആന്‍ എന്നായിരിക്കും. പിന്നീട് ദക്ഷിണാര്‍ഥ ഗോളത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പുരുഷന്മാരുടെ പേര് നല്‍കുന്ന രീതി വന്നു.
ലോകത്ത് ആകെയുള്ള 6 റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റയറിലോജിക്കൽ സെന്റർസ് അഥവാ ആർഎസ്എംസികളും 5 ട്രോപിക്കൽ സയിക്ക്ലൺ വാണിങ് സെന്റർസുമാണ് പട്ടിക തയാറാക്കുന്നത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പാണ് ആര്‍എംഎസ്‌സികളില്‍ ഒന്ന്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പട്ടികയില്‍ നിന്ന് പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികള്‍ക്ക് ഈ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.
ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തെരഞ്ഞെടുക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദ്ദേശിക്കാൻ.
ലോകത്തെ ഒരു ജനവിഭാഗത്തിനും മുറിവേല്‍പ്പിക്കുന്നതാകരുത്. ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്. ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതും വെറുപ്പുളവാക്കാത്തതും ആയിരിക്കണം.
എട്ട് അക്ഷരത്തില്‍ കവിയാത്ത പേര് വേണം ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന പേരിന്റെ ഉച്ചാരണം വാക്കാലും ശബ്ദരേഖയായും നല്‍കണം.
നിര്‍ദേശിക്കപ്പെടുന്ന പേരുകള്‍ ഈ പറഞ്ഞ ഏതെങ്കിലും മാനദണ്ഡത്തിന് വിരുദ്ധമാണെങ്കില്‍ നിരസിക്കാന്‍ അതത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ പാനലുകള്‍ക്ക് അധികാരമുണ്ട്. പ്രാദേശികമായ വിവേചനം ഒഴിവാക്കാന്‍ ഒരേ രാജ്യത്തെ വ്യത്യസ്ത ഭാഷകളിലെ പേരുകളും ഉള്‍പ്പെടുത്താറുണ്ട്.