/sathyam/media/media_files/2025/10/03/monce-joseph-jose-k-mani-2025-10-03-17-00-00.jpg)
കോട്ടയം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചന നൽകി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.
ഇന്നു മാധ്യമങ്ങളെ കണ്ടപ്പോൾ കടുത്തുരുത്തിയിൽ മത്സരിക്കാൻ മോൻസ് ജോസഫ് ക്ഷണിച്ചിരുന്നല്ലേ, എന്ന് മാധ്യമങ്ങൾ ചോദിച്ചു. എന്നാൽ, അദ്ദേഹത്തെ പാലായിലേക്കും മത്സരിക്കാൻ ക്ഷണിക്കുകയാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
അടുത്ത തവണ പാലായിൽ മത്സരിക്കുമോ എന്നും മാധ്യമപ്രവർത്തകർ ചോദിച്ചതോടെ മുൻപു പറഞ്ഞതിൽ എല്ലാം വ്യക്തമല്ലേ എന്നും ജോസ് കെ. മാണി ചോദിച്ചു.
ഇതോടെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ജോസ് കെ മാണി ജനവിധി തേടുമെന്നു ഉറപ്പായി.
ജോസ് കെ. മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്നു ഒരു വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ചില മാധ്യമ വാർത്തകളെ കേന്ദ്രീകരിച്ചായിരുന്നു ഇത്തരം പ്രചാരണങ്ങൾ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാൻ സാധിച്ചിരുന്നു.
ഇതോടൊപ്പം കടുത്തുരുത്തി മണ്ഡലത്തിൽ കോൺഗ്രസ് എമ്മിനു പിന്തുണ വർധിച്ചതുമാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.
ഇതോടെ മോൻസ് ജോസഫ് ജോസ് കെ. മാണിയെ കടുത്തുരുത്തിയിൽ മത്സരിക്കാൻ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു ഇതിനാണ് ഇപ്പോൾ അതേ നാണയത്തിൽ മറുപടി നൽകി പാലായിൽ തന്നെ മത്സരിക്കുമെന്നു വ്യക്തമായ സൂചന ജോസ് കെ മാണി നൽകിയത്.
അടുത്തിടെ പാലായിൽ രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തിയ ശക്തിപ്രകടനം ജോസ് കെ. മാണി നടത്തിയിരുന്നു.
പാലാ തിരിച്ചുപിടിക്കുന്നതിനായി യുവജനസംഘടനയായ യൂത്ത് ഫ്രണ്ടിനെ ശക്തിപ്പെടുത്താനുളള നീക്കങ്ങൾ പാർട്ടി ആരംഭിക്കുകയും ചെയ്തിരുന്നു.