/sathyam/media/media_files/2025/10/04/sukumaran-nair-nss-2025-10-04-18-43-17.jpg)
കോട്ടയം: ശബരിമലയിലെ വിശ്വാസ സംരക്ഷണ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ ജി. സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യപ്രതിഷേധമുയരുന്നതിനിടെ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
എന്‍എസ്എസിനെതിരെ ഉയര്‍ന്ന വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറി വിശദീകരണം നല്‍കും. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
നാളെ രാവിലെ 11 ന് എന്‍.എസ്.എസ് ആസ്ഥാനത്താണ് എന്‍.എസ്.എസ് താലൂക്കു യൂണിയന്‍ ഭാരവാഹികളുടെ അടിയന്തര യോഗം നടക്കുക.
ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ വിവിധ കരയോഗങ്ങളില്‍ പരസ്യപ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണു നിര്‍ണായക യോഗം ചേരുന്നത്.
കഴിഞ്ഞ മാസം അവസാനം എന്‍.എസ്.എസ് ആസ്ഥാനത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ബാലന്‍സ് ഷീറ്റ് പൊതുയോഗം ചേര്‍ന്നപ്പേള്‍ ജി. സുകുമാരന്‍ നായരുടെ നിലപാടിന് എന്‍.എസ്.എസ് പ്രതിനിധിസഭയുടെ പൂര്‍ണപിന്തുണ ലഭിച്ചിരുന്നു.
യോഗത്തില്‍ എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതിനിധിസഭ അംഗങ്ങളെ അറിയിച്ചിരുന്നു. ഇതേ കാര്യങ്ങളാകും യോഗത്തിലും വിശദീകരിക്കുകയെന്നാണ് സൂചന.