/sathyam/media/media_files/2025/10/06/photos518-2025-10-06-11-53-46.jpg)
കോട്ടയം: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്നു പറഞ്ഞു കഴിഞ്ഞ കാലങ്ങളില്‍ കുവൈത്തില്‍ നിന്നു നാടുകടത്തപ്പെട്ടതു നിരവധി മലയാളികളാണ്.
അതുവരെ ജോലി ചെയ്തിരുന്ന ശമ്പള കുടിശികയോ ആനുകൂല്യങ്ങളോ ഒന്നും നല്‍കാതെയാണ് അവരെ നാടുകടത്തിയത്.
2019 മുതല്‍ ഇത്തരം കൂട്ട നാടുകടത്തല്‍ കുവൈത്തില്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍, അന്നു തങ്ങള്‍ക്കു കിട്ടാനുള്ള തുക എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണു നാടുകടത്തപ്പെട്ടവര്‍.
മൂന്നു മാസം മുതല്‍ എഴു മാസം വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും നല്‍കാത മൂവായിരത്തി എഴുനൂറോളം പേരെയാണു ഖറാഫി കമ്പനി നാട്ടിലേക്ക് തിരിച്ചയച്ചത്.
മറ്റു കമ്പനികളും സമാന രീതിയില്‍ തൊഴിലാളിളെ തിരിച്ചയച്ചു. ഇവരാണ് ഇപ്പോഴും തങ്ങള്‍ക്കു കിട്ടാനുള്ള പണത്തിനായി പരിശ്രമിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ ഒന്നും ഇതുവരെ ഫലം കണ്ടില്ല.
ഇതോടൊപ്പം രാജിവെച്ചു മറ്റു രാജ്യങ്ങളില്‍ ജോലി തേടി പോയവര്‍ക്കും നിരവധി കമ്പനികള്‍ സമാനമായ രീതിയില്‍ ശമ്പള കുടിശികയോ ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല.
മറ്റു മാര്‍ഗമില്ലാതെയാണു പലരും ജോലി രാജിവെച്ചു മറ്റു രാജ്യങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ തേടി പോയത്. പലരെയും അബ്‌സ്‌കോണ്ടിങ് എന്ന പേരില്‍ കള്ള കേസില്‍ കുടുക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.
ഇത്തരത്തില്‍ പോയവര്‍ക്കെതിരെയാണ് അവര്‍ ലോണ്‍ അടവ് മുടക്കിയെന്നു പറഞ്ഞു കുവൈത്തിലെ ബാങ്കുകള്‍ നിയമ നടപടിക്കൊരുങ്ങുന്നതും.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ കുവൈത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ട്. പിന്നീട് റെസ്‌ക്യൂ ചെയ്യുന്ന ഇവരുടെ ശമ്പളവും ഇന്നും വാങ്ങിയെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇത്തരക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താല്‍ പല മാധ്യമങ്ങളും തയാറല്ലെന്നതാണു വസ്തുത.
ഓരോ വര്‍ഷവും നിരവധി പേരാണ് ഇത്തരത്തില്‍ കുവൈത്തില്‍ കുടുങ്ങുന്നത്. പല കേസുകളിലും മലയാളി അസോസിയേഷനുകളും സന്നദ്ധ സംഘടനകളുമാണ് ഇത്തരത്തില്‍ അകപ്പെട്ടവരെ സാഹയിക്കാന്‍ രംഗത്തു വരുന്നത്.
ചില സാഹചര്യങ്ങളില്‍ എംബസി തന്നെയാണ് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുന്നത്. എന്നാല്‍, കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ ഇത്തതരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ തയാറല്ല.
പകരം ഇത്തരം കമ്പനികള്‍ക്കും ബാങ്കുകളുടെയും പി.ആര്‍. വര്‍ക്കുകള്‍ ഏറ്റെടുത്ത് ലോണ്‍ അടവ് മുടക്കിയവര്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നു.
വിദേശ ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ഇന്ത്യയിലെ റിക്കവറി ഏജന്റുമാരെ നിയോഗിക്കാന്‍ കഴിയില്ലെന്നും പ്രവാസികള്‍ തിരിച്ചടയ്ക്കാത്ത വായ്പകള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും കേരള ഹൈക്കോടതി ഉത്തരവുണ്ട്.
ഈ സാഹചര്യത്തിലാണ് പി.ആർ. വർക്കുകൾ ചെയ്തു ഭീഷണിപ്പെടുത്തി പണം അടപ്പിക്കാൻ ബാങ്കുകൾ ശ്രമിക്കുന്നത്.