അയ്യപ്പ സംഗമത്തിലൂടെ ലഭിച്ച മേല്‍ക്കൈ സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടമാവുമോയെന്നു സിപിഎമ്മില്‍ ആശങ്ക. വിവാദങ്ങള്‍ എന്‍എസ്എസിന്റെ പിന്തുണ പിന്‍വലിക്കാന്‍ വരെ സാധ്യതയുള്ളത്. പല സിപിഎം നേതാക്കളും ന്യായീകരണ വാദങ്ങളൊന്നുമില്ലാത്തതിനാല്‍ മൗനത്തില്‍

സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചുറ്റിപ്പറ്റിയാണു വിവാദം തുടങ്ങിയതെങ്കിലും ശബരിമലയിലെ സ്വര്‍ണം നഷ്ടമായതിന്റെ ഉത്തരവാദിത്വത്തില്‍ ഇടതു സര്‍ക്കാരിനു കീഴിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതികള്‍ പ്രതിക്കൂട്ടിലാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
shabarimala swarna paly
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: അയ്യപ്പ സംഗമത്തിലൂടെ ലഭിച്ച മേല്‍ക്കൈ സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടമാവുമോ എന്നാണു സി.പി.എമ്മില്‍ ആശങ്ക. അയ്യപ്പ സംഗമത്തോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും. ഇതോടെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു വിശ്വാസി സമൂഹത്തിലുണ്ടായ മുറിവ് ഉണക്കാനായെന്ന ആശ്വാസമായിരുന്നു സര്‍ക്കാരിന്.

Advertisment

ഇതിനിടെയാണു ശബരിമലയില്‍ സ്വര്‍ണപാളി വിവാദം പുകഞ്ഞുകത്തി പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായത്. ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ എന്‍.എസ്.എസിന്റെ പിന്തുണ പിന്‍വലിക്കാന്‍ വരെ വഴിതെളിച്ചേക്കും.


വിഷയത്തില്‍ എന്‍.എസ്.എസ്  നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എസ്.എന്‍.ഡി.പിയും സര്‍ക്കാരിനെ അപ്പാടെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നുതുമാത്രമാണു സര്‍ക്കാരിന് ഏക ആശ്വാസം.


സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചുറ്റിപ്പറ്റിയാണു വിവാദം തുടങ്ങിയതെങ്കിലും ശബരിമലയിലെ സ്വര്‍ണം നഷ്ടമായതിന്റെ ഉത്തരവാദിത്വത്തില്‍ ഇടതു സര്‍ക്കാരിനു കീഴിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതികള്‍ പ്രതിക്കൂട്ടിലാണ്.

സ്വര്‍ണം നഷ്ടമായതിലും ശില്‍പ പാളികള്‍ പണപ്പിരിവിനടക്കം വിവിധയിടങ്ങളില്‍ കാഴ്ചവസ്തുവാക്കിയതിനും വഴിവെച്ചതെന്നാണു പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഇപ്പോള്‍ ഉള്ള സ്വര്‍ണപാളി മാറ്റി വെച്ചതാണോ എന്നതു സംബന്ധിച്ചും അവ്യക്തയുണ്ട്.


2019ല്‍ അറ്റകുറ്റപ്പണിക്കു ചെന്നൈയിലെത്തിച്ച ശില്‍പ പാളികള്‍ സ്വര്‍ണം പൊതിഞ്ഞതല്ലെന്ന വെളിപ്പെടുത്തലോടെ തന്നെ ദേവസ്വം ബോര്‍ഡ് കുരുക്കിലാണ്. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ പാളികള്‍ ചെമ്പായി മാറിയതെങ്ങനെ എന്നാണ് ഉയര്‍ന്ന ചോദ്യം.


1999ലെ ഹൈകോടതി ഉത്തരവില്‍ ശില്‍പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞവയാണെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സ്വര്‍ണം പൂശാന്‍ നല്‍കിയ പാളികള്‍ ചെമ്പിന്റെയാണെന്നാണ് 2019 ജൂലൈയിലെ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്. ഈ വൈരുധ്യത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം ബോര്‍ഡിനാണ്.

എന്നാൽ, ദേവസ്വം ബോര്‍ഡിനു വ്യക്തമാക്കാന്‍ മറുപടിയില്ല. വിഷയത്തില്‍ ബി.ജെ.പിയും യുഡിഎഫും സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്. സംഭവത്തില്‍ ആരെയും സംരക്ഷിക്കില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മാത്രമാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. മറ്റു നേതാക്കളാണെങ്കില്‍ ന്യായീകരണ വാദങ്ങളൊന്നുമില്ലാത്തതിനാല്‍ മൗനത്തിലുമാണ്.

ഇതിനിടെ ബി.ജെ.പി ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ അത് സര്‍ക്കരിനു പിടിച്ചു നില്‍ക്കാന്‍ പറ്റിയ പിടിവള്ളിയാകും.

Advertisment