/sathyam/media/media_files/2025/10/06/photos526-2025-10-06-20-15-12.jpg)
കോട്ടയം: ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി നേരിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു.
പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജയ്‌മോന്‍ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. പാലാ - മുണ്ടക്കയം ബസ് ഓടിച്ചു കൊണ്ടിരിക്കെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണു സംഭവം.
ഉടന്‍ തന്നെ കണ്ടക്ടറും യാത്രക്കരും ചേര്‍ന്നു ജയമോനെ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതാണു കുഴഞ്ഞു വീഴാന്‍ കാരണമെന്നാണു സൂചന.
പൊന്‍കുന്നത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസിനു മുന്‍പില്‍ കാലിക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതു മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കണ്ടെത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ജയ്‌മോന്‍ ഉള്‍പ്പടെ മൂന്നു ജീവനക്കാര്‍ക്കു സ്ഥലംമാറ്റം ഉത്തരവ് നല്‍കിയിരുന്നു.
പിന്നീട് ഉത്തരവ് റദ്ദാക്കിയിരുന്നു. സംഭവത്തിലുള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ജെയ്മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണു ചീഫ് ഓഫീസില്‍ നിന്നു ഉത്തരവെത്തിയത്.
ജെയ്മോന്‍ ജോസഫിനെ തൃശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. മൂന്നാം തീയതി വൈകിട്ടാണ് ആദ്യ ഉത്തരവെത്തിയത്. പിന്നീട് മരവിപ്പിച്ചതായുള്ള നിര്‍ദേശം ഞായറാഴ്ച രാത്രി ഫോണിലും ലഭിച്ചു.
ഒക്ടോബര്‍ ഒന്നിനാണു നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്തു നിന്നു രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആര്‍.എസ്.സി 700 നമ്പര്‍ ബസിനു പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോള്‍ കൊല്ലം ആയൂരില്‍ വെച്ചാണ് മുന്‍വശത്തെ ചില്ലിനോട് ചേര്‍ന്നു കുടിവെള്ളക്കുപ്പികള്‍ നിരത്തിയിട്ടതു കണ്ടത്.
മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാല്‍ റിപ്പോര്‍ട്ടു നല്‍കാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു.
ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവര്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നാണു വകുപ്പുതല നടപടി ഉണ്ടായത്.