/sathyam/media/media_files/2025/10/07/dog-suffering-rabbis-2025-10-07-15-31-42.jpg)
കോട്ടയം: പേവിഷബാധയേറ്റ നായ കടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇയാളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് പോലീസിന്റെ സഹായം തേടി.
കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന് ഇയാൾ അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത് സങ്കീർണത വർധിപ്പിക്കുകയാണ്. സെപ്റ്റംബർ 17ന് രാത്രിയാണ് കോട്ടയം നഗരത്തിൽ നാലുവയസ്സുകാരൻ ഉൾപ്പടെ 11 പേരെ തെരുവുനായ കടിച്ചത്.
തിരുവനന്തപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്കു, തമിഴ്നാട് സ്വദേശി ദിനേഷ് കുമാർ എന്നിവർക്കും കടിയേറ്റിരുന്നു. ഇവർക്കു പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. ശേഷം ഇവർ ആശുപത്രി വിട്ടു. തുടർന്നാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
പിന്നാലെ ദിനേഷ് കുമാറിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കി. എന്നാൽ, ലുക്കുവിനെ കണ്ടെത്താനായില്ല. വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ജനറൽ ആശുപത്രി അധികൃതർ പരാതി നൽകിയതായാണ് വിവരം.
ഇതിനിടെ കോട്ടയം നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായി. നായയുടെ ആക്രമണത്തിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒൻപതു വയസുകാരന് കടിയേറ്റത്.
ചിങ്ങവനം സ്വദേശികളായ മഹേഷ് സവിത ദമ്പതികളുടെ മകൻ ക്രിസ് വിനാണ് നായയുടെ കടിയേറ്റത്. ഒക്ടോബർ ആറ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാർ. ഇവരുടെ നടുവിലായാണ് മകൻ ഇരുന്നിരുന്നത്.
ടിബി റോഡിൽ ടിബിയ്ക്കു സമീപത്തെ ഇടവഴിയിലേയ്ക്ക ബൈക്ക് തിരിയുന്നതിനിടെ ഇവർക്ക് നേരെ നായ ആക്രമണം നടത്തുകയായിരുന്നു. മഹേഷ് ബൈക്ക് വെട്ടിച്ചുമാറ്റിയെങ്കിലും ഇരുവരുടെയും മധ്യത്തിൽ ഇരുന്ന മകനാണ് കടിയേറ്റത്.
കുട്ടിയുടെ കാലിൽ നായ കടിച്ച് പിടിക്കുകയായിരുന്നു. പരുക്കേറ്റ ക്രിസ് വിനെയുമായി ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സ നൽകി. പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണ് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.