എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം പരിസ്ഥിതി ലോല മേഖലയിൽ പെടുത്താൻ വനം വകുപ്പിൽ നീക്കം. ആശങ്കയെ തുടർന്ന് സ്പെഷൽ ഗ്രാമസഭ ചേരുന്നു. പ്രദേശങ്ങളെ പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര വനം മന്ത്രാലയത്തിൽ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇതേ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയിൽ പെടുത്താനുള്ള നീക്കം

1956 ൽ റവന്യു ഭൂമിയായതാണ് എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ. 1982 ൽ പെരിയാർ കടുവാ സങ്കേത പരിധി നിശ്ചയിച്ചപ്പോൾ അഴുത കാളകെട്ടി ശബരിമല കാനന പാത ആയിരുന്നു അതിർത്തി. എന്നാൽ 2011 ൽ  ഇതെല്ലാം അവഗണിച്ച് പ്രദേശത്തെ പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

New Update
photos(120)

കോട്ടയം: പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ഒഴിവാക്കുന്ന എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ ഉൾപ്പെടുന്ന 502 ഹെക്ടർ പ്രദേശം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്താൻ വനം വകുപ്പിൽ നീക്കമെന്ന ആശങ്കയെ തുടർന്ന് സ്പെഷൽ ഗ്രാമസഭ ചേരുന്നു. 

Advertisment

ഒക്ടോബർ 12 ന് ഉച്ചയ്ക്ക് രണ്ടിന് എയ്ഞ്ചൽവാലി ഗ്രാമവികസന സമിതി ഹാളിൽ വെച്ചാണ് സ്പെഷൽ ഗ്രാമസഭ ചേരുന്നതെന്ന് വാർഡ് അംഗം മാത്യു ജോസഫ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലയിൽ പെടുത്താനുള്ള നീക്കത്തിനെതിരെ സ്പെഷൽ ഗ്രാമസഭയിൽ പ്രമേയം അവതരിപ്പിക്കും. 


പ്രദേശങ്ങളെ പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര വനം മന്ത്രാലയത്തിൽ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇതേ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയിൽ പെടുത്താൻ നീക്കം ആരംഭിച്ചത്.


പെരിയാർ കടുവാ സങ്കേതത്തിന് സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ തന്നെയാണ് പരിസ്ഥിതി ലോല മേഖലയിലും സ്വീകരിക്കപ്പെടുക. സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഗ്രോ മോർ ഫുഡ്‌ പദ്ധതി പ്രകാരം പമ്പാവാലി പ്രദേശത്ത് വന മേഖലയിൽ കൃഷി നടത്താൻ സർക്കാർ നിയോഗിച്ച കർഷകരിലൂടെ ആണ് പ്രദേശം ജനവാസമായത്. 

തുടർന്ന് ഇതേ ഭൂമി നൽകി 1956 ൽ റവന്യു ഭൂമിയായതാണ് എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ. 1982 ൽ പെരിയാർ കടുവാ സങ്കേത പരിധി നിശ്ചയിച്ചപ്പോൾ അഴുത കാളകെട്ടി ശബരിമല കാനന പാത ആയിരുന്നു അതിർത്തി. 


എന്നാൽ 2011 ൽ  ഇതെല്ലാം അവഗണിച്ച് പ്രദേശത്തെ പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. നിരവധി പ്രക്ഷോഭങ്ങളെ തുടർന്നാണ് ജനങ്ങൾ ഇതിൽ നിന്നും മോചനം നേടിയത്. 


ഇപ്പോൾ വനം വകുപ്പ് നടത്തുന്ന നീക്കങ്ങൾ തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞയിടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വിശദീകരണ യോഗത്തിൽ വിഷയം പ്രക്ഷുബ്ധമായിരുന്നു. 

എയ്ഞ്ചൽവാലിയിൽ വന വിഞ്ജാപന കേന്ദ്രത്തിൽ ഇഡിസി (എക്കോ ഡെവലപ്പ്മെന്റ് കമ്മറ്റി) ആണ് വിശദീകരണ യോഗം വിളിച്ചുചേർത്തത്.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ്, പഞ്ചായത്ത്‌ അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, മാത്യു ജോസഫ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 

നിലവിൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ പെടുത്താനുള്ള നീക്കം വാർഡ് അംഗം മാത്യു ജോസഫ് നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

Advertisment