/sathyam/media/media_files/2025/10/08/code-grey-protocol-2025-10-08-15-46-26.jpg)
കോട്ടയം: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം നടന്നതോടെ സുരക്ഷ സംബന്ധിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. സംഭവത്തിൻ്റെ ഞെട്ടലിലാണ് ആരോഗ്യ കേരളം. വടിവാൾ ബാഗിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നതെന്നാണ് വെട്ടിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് ഇല്ലെന്ന ആരോപണവും വരുന്നുണ്ട്.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നോ ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
കേരളത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളുടെ പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കോഡ് ഗ്രേ പ്രോട്ടോകോൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വാദം.
പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണം. അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ.
ആശുപത്രി, ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിംഗ്, തുടർപ്രവർത്തനങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോൾ. ഇതോടൊപ്പം ജീവനക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനുമുള്ള നിർദേശങ്ങളും പ്രോട്ടോകോളിലുണ്ട്.
പ്രോട്ടോകോൾ നടപ്പിലാക്കാൻ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. ഈ പ്രോട്ടോകോൾ പ്രകാരം സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി തലം മുതൽ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം ഉണ്ട്.
കൂടാതെ ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും സർക്കാർ പറഞ്ഞിരുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന ആരോപണമാണ് ഉള്ളത്. ഇന്നും താലൂക്ക് ആശുപത്രികളിൽ ഡോ വന്ദന കൊല്ലപ്പെട്ടു രണ്ടു വർഷം കഴിഞ്ഞിട്ടും എയ്ഡ് പോസ്റ്റ് പോലും ഒരുക്കിയിട്ടില്ലെന്നത് അതീവ ഗൗരവമുള്ളതാണ്.
സർക്കാർ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.