/sathyam/media/media_files/2025/10/10/ranjith-g-meenabhavan-rajeev-chandrasekhar-2025-10-10-16-21-41.jpg)
പാലാ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന ഒരു പഞ്ചായത്തുണ്ട് പാലായിലെ മുത്തോലി പഞ്ചായത്ത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ബി.ജെ.പി ഭരണസമിതി സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും മാതൃകയാകുന്ന പ്രവര്‍ത്തനമാണ് നടപ്പാക്കിയത്.
നേതൃത്വം നല്‍കിയതാകട്ടേ ജനകീയ പഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രശംസ ഏറ്റുവാങ്ങിയ രഞ്ജിത്ത് ജി. മീനാഭവനും. അഞ്ചു വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോള്‍ തന്നിലേല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് രഞ്ജിത്ത് ജി. മീനാഭവന്‍.
ഞങ്ങള്‍ ബി.ജെ.പി ആണെങ്കിലും വികസനത്തില്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. എല്ലാവരിലും വികസനം എത്തിച്ചു. ജനങ്ങളുടെ സന്തോഷ കണ്ണീരാണ് ഞങ്ങളുടെ പ്രതിഫലമെന്നാണ് വികസന പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രഞ്ജിത്ത് ജി. മീനാഭവന്റെ മറുപടി.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മുത്തോലിയില്‍ 26. 77 കോടി രൂപയാണ് പഞ്ചായത്തില്‍ ചിലവഴിക്കാന്‍ സാധിച്ചത്. ഇതില്‍ തന്നെ 11കോടി പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ചിലവഴിച്ചിട്ടുള്ളത്. 4. 68 കോടി രൂപാ മിച്ചമുള്ള കോട്ടയം ജില്ലയിലെ ഏക പഞ്ചായത്തും മുത്തോലിയാണ്.
ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. 2. 20 കോടി രൂപ ഇതിനായി മാത്രം ചെലവഴിച്ചു. മരുന്നുകള്‍ക്കായി തന്നെ ഒരു വര്‍ഷം 12 ലക്ഷം രൂപ ചിലവഴിച്ചു. വയോധികര്‍ക്കായി കട്ടില്‍ മുതല്‍ കണ്ണട വരെ നല്‍കി.
മറ്റൊരു പഞ്ചായത്തിനും ചെയ്യാനാവാത്ത സാന്ത്വനം പദ്ധതി നടപ്പിലാക്കി. 60 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ചെന്ന് പ്രഷര്‍, ഷുഗര്‍ കൊളസ്‌ട്രോള്‍ പരിശോധിക്കുവാനും വീടുകളില്‍ മരുന്ന് എത്തിക്കുവാനും കഴിഞ്ഞു. ആംബുലന്‍സ് സൗകര്യം ജനകീയമാക്കിയത് വഴി ജനങ്ങള്‍ക്ക് സൗജന്യമായി തന്നെ ആശുപത്രികളില്‍ പോകുവാന്‍ കഴിഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഇക്കോഷോപ്പ്, നെല്‍ കൃഷി വികസനം ഒക്കെയായി 70 ലക്ഷം രൂപാ ചിലവഴിച്ചു. മൃഗ സംരക്ഷണത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നടപ്പിലാക്കി.
സൊസൈറ്റിയില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കൂ എന്ന നിയമം മാറ്റി അളക്കാത്തവര്‍ക്കും, അളക്കുന്നവര്‍ക്കും കാലിത്തീറ്റയും, മരുന്നുകളും സൗജന്യമായി നല്‍കി. സമാനതകളില്ലാത്ത ആനുകൂല്യങ്ങളാണ് ഇവര്‍ക്കായി നല്‍കിയത്. ഹരിത കര്‍മ്മ സേനയ്ക്ക് വരെ വാഹനം ലഭ്യമാക്കി.
പ്രധാന മന്ത്രിയുടെ ജലജീവന്‍ മിഷന്‍ പദ്ധതി പഞ്ചായത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കി. 45 പദ്ധതികളിലായി എല്ലാവര്‍ക്കും കുടിവെള്ളം എത്തിച്ചു. 3 കോടി രൂപ പ്രത്യേകമായി ഇതിലേക്കായി ലഭ്യമാക്കി. ഒന്നര കോടിയുടെ പദ്ധതി പൂര്‍ത്തിയായി വരുന്നു.
പഞ്ചായത്തില്‍ മുഴുവന്‍ കൂടിവെള്ളം എത്തിക്കുവാന്‍ കഴിഞ്ഞെന്നതില്‍ അഭിമാന നേട്ടമാണ്. പ്രധാന മന്ത്രിയുടെ അഭിമാന പദ്ധതികളായ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കി.
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നിരവധി പദ്ധതികള്‍ നടപ്പിലാക്കി. ഹഡ്‌കോയില്‍ നിന്നും വായ്പയെടുത്തും ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം ഭവനം ലഭ്യമാക്കി.
വീട്ടമ്മമാര്‍ക്കായി പാചക മത്സരം നടത്തിയത് വന്‍ വിജയമായിരുന്നു. യോഗ പരിശീലനം കാര്യക്ഷമമാക്കി. മറ്റു പഞ്ചായത്തില്‍ നടപ്പിലാക്കാത്ത ഭരണ ഘടന ശില്‍പ്പി ഡോ. അംബേദ്ക്കറുടെ പ്രതിമ പഞ്ചായത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പേ അത് നടപ്പില്‍ വരുത്തുമെന്നു രഞ്ജിത്ത് പറയുന്നു.
വയോ ജനങ്ങള്‍ക്കായി നടത്തിയ ടൂര്‍ പ്രോഗ്രാം വന്‍ വിജയമായിരുന്നു. ഇതുവരെ വീടില്‍ നിന്നും പുറത്തിറങ്ങാത്തവര്‍ ആദ്യമായി ടൂറിസ്റ്റ് ബസില്‍ കയറിയവര്‍, ആദ്യമായി ബോട്ടില്‍ കയറിയവര്‍ ഇതൊക്കെ ആദ്യമായി അനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ പലരും സന്തോഷ കണ്ണീര്‍ പൊഴിച്ചു. ആ കണ്ണീരാണ് ഞങ്ങളുടെ പ്രതിഫലമെന്നു രഞ്ജിത്ത് പറയുന്നു.
അര്‍ഹതയ്ക്കുള്ള അംഗീകാരമായി രഞ്ജിത്ത് ജി. മീനാഭവനെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയിലും അംഗമാക്കി. കഴിഞ്ഞ ദിവസം ബി.ജെ.പി മുത്തോലി പഞ്ചായത്ത് പ്രവര്‍ത്തക യോഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തിരുന്നു.
മുത്തോലി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം ആകുന്നതിനുമായാണ് സംസ്ഥാന പ്രസിഡന്റ് നേരിട്ട് എത്തിയത്. യോഗത്തില്‍ മുത്തോലിയില്‍ ബി.ജെ.പിയുടെ നേട്ടങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും എത്തിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.