/sathyam/media/media_files/2025/10/10/citu-bms-intuc-2025-10-10-18-15-51.jpg)
കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എസ്.എഫ്.ഐ - ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചു തൊഴിലാളികള്‍ നടത്തുന്ന സമരത്തിനിടെ ഒറ്റയടിക്കു നൂറോളം തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ നിന്നും ഐ.എന്‍.ടി.യു.സിയില്‍ നിന്നും രാജിവെച്ചു ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഞെട്ടലിലാണു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍.
ഒറ്റയടിക്കു ഇത്രയും തൊഴിലാളികളെ നഷ്ടപെട്ടതു തങ്ങള്‍ക്കു വലിയ തിരിച്ചടിയെന്നു നേതൃത്വം വിലയിരുത്തുന്നു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബി.എം.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സി.ഐ.ടി.യു - ഐ.എന്‍.ടി.യു.സി സംഘടനകളോടുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോള്‍ ഉള്ള കൂട്ട മാറ്റത്തിനു പിന്നില്‍. വര്‍ഷങ്ങളായി കൊടി പിടിക്കുന്ന അണികളെ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിന് ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ചു ചോര നീരാക്കണമെന്നു ബി.എം.എസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
തങ്ങളുടെ ഏറ്റവും വിശ്വസ്തരായ അനുയായികള്‍ കൊഴിഞ്ഞുപോയതു യൂണിയനുകള്‍ക്കു കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. നൂറുകണക്കിന് അനുയായികള്‍ കൊഴിഞ്ഞുപോയ വാര്‍ത്തയോട് പ്രാദേശിക യൂണിയന്‍ നേതാക്കള്‍ പ്രതികരിച്ചതു പഴയ ശൈലിയിലുള്ള പലതരം ന്യായീകരണങ്ങളുമായാണ്.
പോയവര്‍ യഥാര്‍ഥ തൊഴിലാളികളല്ല, അവര്‍ ബി.ജെ.പിയുടെ ചാരന്മാരാണ്, ഞങ്ങളുടെ നേതാവ് ഫേസ്ബുക്കില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു എന്നിങ്ങനെയുള്ള, നിലവിലെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പ്രതികരണങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
അണികളുടെ വിശ്വാസം പൂര്‍ണമായും നഷ്ടമായതോടെ, കോണ്‍ഗ്രസ്-സി.പി.എം യൂണിയന്‍ ഓഫീസുകള്‍ ഇപ്പോള്‍ ഒരുതരം ശൂന്യതയിലാണ്. പാലായിലെ തൊഴിലാളികളുടെ ഈ കൂട്ട യൂണിയന്‍ മാറ്റം, സി.പി.എമ്മിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സംഘടനാപരമായ വലിയ പരാജയത്തെയാണു സൂചിപ്പിക്കുന്നത്.
മാറ്റത്തിനു പിന്നില്‍ തൊഴിലിടത്തെ സുരക്ഷ ഉറപ്പാക്കുമെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ഉറപ്പെന്നു തൊഴിലാളികള്‍ പ്രതികരിക്കുന്നു. സമരമുഖത്തെത്തിയാണു രാജീവ് ചന്ദ്രശേഖര്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്.
ഗുണ്ടായിസം അനുവദിക്കില്ലെന്നും, 'നിങ്ങളുടെ നീതി നടപ്പാക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകും' എന്നും അദ്ദേഹം പറഞ്ഞ ഒറ്റ വാക്ക്, തൊഴിലാളികള്‍ക്കിടയില്‍ പെട്ടെന്നു വിശ്വാസം വളര്‍ത്തി. വര്‍ഷങ്ങളായി തങ്ങളുടെ യൂണിയനുകള്‍ നല്‍കാതിരുന്ന ഒരു 'അടിയന്തര പരിഹാരം' ബി.ജെ.പിയില്‍ നിന്നും ലഭിച്ചതോടെ, തൊഴിലാളികള്‍ കൂട്ടമായി ബി.എം.എസില്‍ ചേര്‍ന്നു.
ഇത്രയും കാലം പൂട്ടിക്കിടന്ന നീതിയുടെ വാതില്‍ ബി.ജെ.പിക്ക് എങ്ങനെ തുറക്കാനായി എന്നു സി.പി.എമ്മും കോണ്‍ഗ്രസും ഒരുപോലെ അന്തംവിട്ട് ആലോചിക്കേണ്ടിയിരിക്കുന്നു.
ഇത് ഒരു തരംഗമായി മറ്റിടങ്ങളിലേക്കും പടരുമെന്ന ആശങ്കയാണ് ഇപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസിലും ഉള്ളത്. ഈ മുന്നേറ്റം കേരളത്തിലെ രാഷ്ട്രീയ യൂണിയന്‍ രംഗത്തു വലിയ കൊടുങ്കാറ്റിനു തിരികൊളുത്തിയേക്കാം.