/sathyam/media/media_files/2025/10/11/vn-vasavan-jose-k-mani-2-2025-10-11-17-53-54.jpg)
കോട്ടയം: അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കും.
സ്‌കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. ഭിന്നശേഷി നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ആശങ്ക പരിഹരിക്കുമെന്നു ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 13ന് നടക്കുന്ന ചര്‍ച്ചയിലൂടെ ഈ വിഷയത്തിനു പരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.
രണ്ട് മണിയോടുകൂടിയാണ് മന്ത്രി ശിവന്‍കുട്ടിയും കേരള കോണ്‍ഗ്രസ് (എം ) ചെയർമാൻ ജോസ് കെ. മാണിയുമൊത്ത് ബിഷപ്പിനെ കാണാനെത്തിയത്. എം.എല്‍.എ ജോബ് മൈക്കിൾ, മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാടും ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു.
സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.
അതേ സമയം, ഭിന്നശേഷി വിഷയം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചങ്ങനാശേരി ബിഷപ്പിനെ നേരിട്ട് കണ്ട് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.
വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിനു മുന്‍കൈയെടുക്കുമെന്നു ജോസ് കെ. മാണി അറിയിച്ചു.