/sathyam/media/media_files/2025/10/12/general-hospital-kottayam-2025-10-12-10-00-40.png)
കോട്ടയം: ജില്ലാ ജനൽ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം കേരള സര്‍ക്കാര്‍ അനുവദിച്ച പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം മണ്ണുനീക്കം ചെയ്യുന്നതിന്റെ പേരില്‍ തടസപ്പെട്ടതിനെ ചൊല്ലി സി.പി.എം - കോണ്‍ഗ്രസ് പോര് ശക്തമാകുന്നു.
മണ്ണു നീക്കം തടസപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഇടപെട്ടാണെന്നും എം.എല്‍.എ രാജിവച്ച് ഒഴിയണമെന്ന് എല്‍.ഡി.എഫ്. നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പത്തുനില കെട്ടിടത്തിന്റെ പണി നടത്തേണ്ട സ്ഥലത്തിന്റെ താഴത്തെ രണ്ടുനിലകള്‍ക്കായി മണ്ണു നീക്കം ചെയ്ത് ശാസ്ത്രി റോഡിന്റെ സമാന്തര റോഡിലേക്ക് അഭിമുഖമായും മറ്റ് എട്ടുനിലകള്‍ തെക്കോട്ട് ആശുപത്രി കോമ്പൗണ്ടിലേക്ക് അഭിമുഖമായും നിര്‍മിക്കാനാണു പ്ലാനും കരാറും ഉള്ളത്.
ഏറ്റവും താഴത്തെ നിര്‍മ്മാണത്തിന് സ്വന്തം ചിലവില്‍മണ്ണു നീക്കം ചെയ്ത് ആരോഗ്യ വകുപ്പിന്റെ പുളിക്കുന്നിലെ സ്ഥലത്ത് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാനായി കരാര്‍ സ്ഥാപനമായ ഇന്‍കെലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍, വികസന സമിതി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ മണ്ണ് പുറത്ത് കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്ന് സി.പി.എം നേതാവ് അനില്‍കുമാര്‍ ആരോപിച്ചു. ജില്ലാ ആശുപത്രിക്കു മുന്നില്‍ നിര്‍മ്മാണ സ്തംഭനത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തന്നെ പ്രതിരോധവുമായി രംഗത്തെത്തി. ജില്ലാ ആശുപത്രിയില്‍ നിന്നും നീക്കം ചെയ്ത മണ്ണില്‍ കോട്ടയം മണ്ഡലത്തിലേക്ക് അനുവദിച്ചത് പൂര്‍ണമായും വിനിയോഗിച്ചെന്നും ഏറ്റുമാനൂര്‍ മണ്ഡലത്തിലേയ്ക്ക് അനുവദിച്ച മണ്ണാണ് ഫലപ്രദമായി ഉപയോഗിക്കാതിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്തി വാസവനെ ലക്ഷ്യമാക്കിയുള്ള അനില്‍കുമാറിന്റെ ഒളിയമ്പാണ് തനിക്കെതിരേയുള്ള ആരോപണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇന്റല്‍ എന്ന സര്‍ക്കാര്‍ ഏജന്‍സിക്കാണ് ടെന്‍ഡന്‍ ഇല്ലാതെ ജില്ലാ ആശുപത്രിയുടെ നിര്‍മ്മാണ ചുമതല കൈമാറിയത്. പിന്നീട് ഇന്റല്‍ ഈ കരാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടു.ഇസഡ് എന്ന സ്വകാര്യ കമ്പനിയ്ക്ക് കൈമാറി.
ഇന്‍കലുമായി ഉണ്ടാക്കിയ കരാറില്‍ ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണ്ണ് ആലപ്പുഴ ജില്ലയിലെ പുളിക്കുന്നില്‍ നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന് വേണ്ടി നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നു.
പിന്നീട് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കലക്ടര്‍ ആയിരുന്ന വിഘ്നേശ്വരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ ആശുപത്രിയുടെ നിര്‍മാണത്തിന് വേണ്ടി മാറ്റുന്ന മണ്ണ് കോട്ടയം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു.
തന്റെ നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണച്ച മന്ത്രി വാസവനും കോട്ടയം ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മണ്ണ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.
അന്നത്തെ യോഗ തീരുമാനത്തിന്റെ മിനിട്സില്‍ ആദ്യം ഒപ്പിട്ടത് മന്ത്രി വാസവനാണ്, താന്‍ രണ്ടാമതായാണ് ഒപ്പിട്ടത്. യോഗത്തിന്റെ മനിട്സും തിരുവഞ്ചൂര്‍ പുറത്തുവിട്ടു.
യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആകയെുള്ള 13000 ചതുരശ്ര മീറ്റര്‍ മണ്ണില്‍ അയ്യായിരം ചതുരശ്ര മീറ്റര്‍ മണ്ണ് കോട്ടയം മണ്ഡലത്തിലും ബാക്കി വരുന്ന 8000 ചതുരശ്ര മീറ്റര്‍ മണ്ണ് ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കോട്ടയം മെഡിക്കല്‍ കോളജില്‍ 4000 ചതുരശ്രമീറ്ററും ബാക്കി 4000 ചതുശ്രമീറ്റര്‍ കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിനും വേണ്ടി ഉപയോഗിക്കാനാണ് തീരുമാനിച്ചത്.
കോട്ടയം മണ്ഡലത്തിന് വേണ്ടി അനുവദിച്ച മണ്ണ് കോടിമത-മുപ്പായിക്കാട് റോഡിന്റെ വികസനത്തിന് വേണ്ടി ചെലവിഴിച്ചു.
ഏറ്റുമാനൂര്‍ മണ്ഡലത്തിന് വേണ്ടി അനുവദിച്ച മണ്ണ് മെഡിക്കല്‍ കോളജിലും കുട്ടികളുടെ ആശുപത്രിയിലും ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന അയ്മനം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപവും പരിപ്പിലുമായി കൂട്ടിയിട്ടിരിക്കുകയാണ്.
ഇത് രണ്ടും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലാണ്. വസ്തുത ഇതായിരിക്കേ മണ്ണ് നീക്കം ചെയ്യാന്‍ തടസം നില്‍ക്കുന്നതിനായാണ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങാന്‍ കഴിയാത്തതെന്ന അനില്‍കുമാറിന്റെ ആരോപണം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ചെലവഴിക്കാതെ കിടക്കുന്ന മണ്ണിനെപ്പറ്റിയുള്ള വിവരം തന്നെ കൊണ്ട് പറയിപ്പിക്കുന്നതിനാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഇതോടെ സി.പി.എം വെട്ടിലായി.
എല്‍ഡിഎഫ് ഉന്നയിച്ച ഒരാക്ഷേപത്തിനും മറുപടി പറയാന്‍ തയ്യാറാകാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എംഎല്‍എ ചെയ്യുന്നതെന്ന് എല്‍ഡിഎഫ് കോട്ടയം അസ്സംബ്ലി നിയോജകമണ്ഡലം കമ്മറ്റി കണ്‍വീനര്‍ എം.കെ പ്രഭാകരന്‍ ആരോപവുമായി രംഗത്തു വന്നു.
തുടര്‍ച്ചയായി 3 യോഗങ്ങളിലും എംഎല്‍എ കോട്ടയത്തു നിന്നും മണ്ണ് കൊണ്ടുപോകുന്നത് തടയുന്ന നിലപാടാണ് സ്വീകരിച്ചത്. അതെ തുടര്‍ന്നാണ് ഇങ്കല്‍ പ്രതിനിധികള്‍ കോട്ടയത്തു തന്നെ മണ്ണ് നിക്ഷേപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാന്‍ എം എല്‍ എ യോട് ആവശ്യപ്പെട്ടത്.
കോട്ടയം എംഎല്‍എ അതിനു മുന്‍കൈയെടുക്കുകയോ, കോട്ടയം നഗരസഭയെ സഹകരിപ്പിച്ചു ആ മണ്ണ് പൂര്‍ണമായും അവിടെ നിന്നും നീക്കം ചെയ്യാതെ വന്നതിനാലാണ് മന്ത്രി വി.എന്‍ വാസവന്‍ ഇടപെട്ടു മെഡിക്കല്‍ കോളജിലേക്കും അയ്മനം പഞ്ചായത്തിലേക്കും ഉള്‍പ്പെടെ ഈ മണ്ണ് നീക്കം ചെയ്യുന്നതിന് തയ്യാറായത്.
അത് മറച്ചു വെച്ചു മന്ത്രി വി.എന്‍ വാസവനെതിരായി കളവു പ്രചരിപ്പിക്കുവാന്‍ എംഎല്‍എ മുന്നിട്ടിറങ്ങിയത് സ്വന്തം വീഴ്ച മറച്ചു വെക്കാനാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു.